സ്വര്‍ണക്കടത്തു കേസിലെ ദുരൂഹതയേറ്റി ഒരു മരണം കൂടി; റമീസിനെ ഇടിച്ച കാറിന്‍റെ ഡ്രൈവറും മരിച്ചു

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കി മുഖ്യപ്രതിയായ സ്വര്‍ണക്കടത്തു കേസിലെ ദുരൂഹത വര്‍ധിപ്പിച്ച് ഒരു മരണം കൂടി. കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ മരിച്ച റമീസിന്‍റെ ബൈക്കിലിടിച്ച കാര്‍ ഒാടിച്ചിരുന്ന പി.വി. അശ്വിനും മരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
കഴിഞ്ഞ ദിവസമാണ് ഗുരുതരാവസ്ഥയിലായ അശ്വിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാ അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്ത് അഴീക്കോട് കപ്പക്കടവ് സ്വദേശി റമീസ് (25) നേരത്തെ വാഹനപകടത്തില്‍ മരിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയതിന് ശേഷമാണ് റമീസ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചത്. അഴീക്കോട് കപ്പക്കടവ് തോണിയംപാട്ടില്‍ വെച്ചായിരുന്നു അപകടം. സ്വര്‍ണ കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാള്‍ അപകട സമയത്ത് ഓടിച്ചിരുന്നത്.
റമീസ് ഒാടിച്ചിരുന്ന ബൈക്കിലിടിച്ച കാറിന്‍റെ ഡ്രൈവര്‍ അശ്വിനാണ് ഇപ്പോള്‍ മരിച്ചിരിക്കുന്നത്. റമീസിന്‍റെ മരണത്തിന് കാരണമായ അപകടത്തില്‍ ദുരൂഹതയില്ലെന്നും സാധാരണ വാഹനാപകടമാണ് നടന്നതെന്നും വളപട്ടണം പൊലീസ് വിശദീകരിച്ചിരുന്നു. എന്നാല്‍, കേസില്‍ കണ്ണികളാകാനും നിര്‍ണായക വിവരങ്ങള്‍ നല്‍കാനും സാധ്യതയുള്ള ആളുകള്‍ അസ്വാഭാവികമായി മരണപ്പെടുന്നതില്‍ വലിയ ദുരൂഹത നിഴലിക്കുന്നുണ്ട്.