ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളിംഗ് യൂണിറ്റാണ് ഇപ്പോഴുള്ളത്’, പ്രശംസയുമായി ഇന്‍സമാം ഉള്‍ ഹഖ്

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം സമനിലയില്‍ പിരിഞ്ഞിരിക്കുകയാണ്. മത്സരത്തിന്റെ അവസാന ദിവസം ഒമ്പത് വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് 157 റണ്‍സ് കൂടി ഇന്ത്യക്ക് വേണ്ടപ്പോഴാണ് മഴ തടസ്സമായി എത്തിയത്. 12 റണ്‍സ് വീതമെടുത്ത് ചേതേശ്വര്‍ പൂജാരയും രോഹിത് ശര്‍മയുമാണ് ക്രീസിലുണ്ടായിരുന്നത്. ഒരു പന്ത് പോലും എറിയാന്‍ മഴമേഖങ്ങള്‍ സമ്മതിച്ചില്ല.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ് നിരയെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് രംഗത്ത്. ഇന്ത്യയുടെ ബൗളിങ് നിര ഇംഗ്ലണ്ടിനെ തകര്‍ത്തു കളഞ്ഞുവെന്നും ഇന്ത്യയുടെ ഏറ്റവും ശക്തമായ ഫാസ്റ്റ് ബൗളിങ് നിരയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ നിലവിലെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ വ്യത്യസ്തരാകുന്നതെങ്ങനെയെന്നും ഇന്‍സമാം ഉള്‍ ഹഖ് വ്യക്തമാക്കി.
‘ആദ്യ ദിനത്തിലെ പേസ് ബൗളര്‍മാരുടെ പ്രകടനത്തോടെ മത്സരത്തില്‍ താളം കണ്ടെത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെ പിന്നോട്ടാക്കാന്‍ അവര്‍ക്കായി. സന്ദര്‍ശകരായ ടീമിന് ആദ്യ ടെസ്റ്റില്‍ത്തന്നെ ബൗളിങ്ങില്‍ മികവ് കാട്ടുകയെന്നത് പ്രയാസമാണ്. കാരണം ഇംഗ്ലണ്ടിലെ സാഹചര്യം വ്യത്യസ്തമാണ്. എന്നാല്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരെ തകര്‍ത്ത് കളയുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്’- ഇന്‍സമാം പറഞ്ഞു.
‘ജോ റൂട്ട് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ബുംറയുടെ മുന്നില്‍ നന്നായി പ്രയാസപ്പെട്ടു. സിറാജും ഷമിയും നന്നായിത്തന്നെ പന്തെറിഞ്ഞു. സമീപകാലത്തായി മികച്ച പേസ് ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ട്. സമീപകാലത്തെ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച ആക്രമണോത്സുകതയുള്ളവരാണ്. ഇത്രയും മികച്ച ആക്രമണോത്സുകയുള്ള ഇന്ത്യന്‍ ബൗളര്‍മാരെ മുമ്പ് കണ്ടിട്ടില്ല’- ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.
ഇതിനമുന്‍പും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ ടീം ഇന്ത്യ വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഈ കാലഘട്ടത്തിലെ പേസര്‍മാര്‍ക്ക് ഫാസ്റ്റ് ബൗളര്‍മാരുടെ തനതായ അഗ്രഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും അഗ്രഷനുള്ള പേസര്‍മാരുണ്ടെങ്കില്‍ ഇത്തരം പ്രകടനങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സരത്തില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ പേസ് ബൗളിംഗ് യൂണിറ്റ് പുറത്തെടുത്തത്. കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സില്‍ 183 എന്ന സ്‌കോറിനും രണ്ടാം ഇന്നിങ്സില്‍ 303 എന്ന സ്‌കോറിനും തളച്ചിട്ടത് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ്. മത്സരത്തില്‍ മുഴുവന്‍ വിക്കറ്റുകളും ഇന്ത്യയ്ക്ക് വേണ്ടി നേടിയത് ഫാസ്റ്റ് ബൗളര്‍മാരായിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തിലെ മുഴുവന്‍ വിക്കറ്റുകളും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നേടുന്നത്. ഇതിനുമുന്‍പ് 2018 ജോഹനാസ്ബര്‍ഗ് ടെസ്റ്റില്‍ 20 വിക്കറ്റുകളും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നേടിയിരുന്നു.
ആദ്യ ഇന്നിങ്സില്‍ ജസ്പ്രീത് ബുംറ നാലും മുഹമ്മദ് ഷമി മൂന്നും ഷര്‍ദുല്‍ താക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ ബുംറ അഞ്ചും സിറാജും ഷര്‍ദുലും രണ്ട് വിക്കറ്റ് വീതവും ഷമി ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.