കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി സുനില്‍ കുമാര്‍ പിടിയില്‍

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ടിആർ സുനിൽ കുമാർ പിടിയിൽ. തൃശൂരിൽ നിന്നാണ് ഇയാൾ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
സുനിൽ കുമാർ മുൻപ് കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങൾ പുറത്തെത്തിയതോടെ സുനിൽ കുമാർ ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. നിലവിൽ ആറ് പേരാണ് കേസിൽ പ്രതികളായുള്ളത്. ഒളിവിൽ പോയ ഇവർക്ക് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂർ ബാങ്കിലെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ ജൂലായ് 17നാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ(58), മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം(45), മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്(43), ബാങ്ക് അംഗം കിരൺ(31), ബാങ്കിന്റെ മുൻ റബ്കോ കമ്മീഷൻ ഏജന്റ് ബിജോയ് (47), ബാങ്ക് സൂപ്പർമാർക്കറ്റ് മുൻ അക്കൗണ്ടന്റ് റെജി അനിൽ(43) എന്നിവരാണ് കേസിലെ ആറ് പ്രതികൾ.