ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഏഷ്യൻ യൂത്ത് മീറ്റ് ഷോട്ട്പുട്ടിൽ സ്വർണപ്പകിട്ടുള്ള വെങ്കലമെഡൽ നേടി തൃക്കരിപ്പൂർ സ്വദേശിനി അനുപ്രിയ
തൃക്കരിപ്പൂർ: ഉസ്ബെക്കിസ്ഥാനിൽ ഏഷ്യൻ യൂത്ത് മീറ്റിലെ വെങ്കല മെഡൽ നേട്ടത്തിനു പിന്നാലെ നാടിന്റെ യശസ്സുയർത്തി കോമൺവെൽത്ത് ഗെയിംസിൽ തൃക്കരിപ്പൂരിലെ വി.എസ്.അനുപ്രിയയ്ക്ക് രണ്ടാമത്തെ വെങ്കലവും. ട്രിനിഡാഡ് ആൻഡ് ട്രിൻബോഗയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അനുപ്രിയ, അണ്ടർ 18 അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ 15.62 മീറ്റർ ദൂരം എറിഞ്ഞാണു മെഡൽ നേടിയത്. രാജ്യത്തിനു വേണ്ടി 6 മാസത്തിനകം അനുപ്രിയ നേടുന്ന രണ്ടാമത്തെ മെഡലാണിത്.
തൃക്കരിപ്പൂർ ചക്രപാണി മഹാക്ഷേത്ര പരിസരത്തെ കെ.ശശിയുടെയും വി.രജനിയുടെയും മകളായ അനുപ്രിയ, ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിദ്യാർഥിനിയാണ്. ചെറുവത്തൂർ മയ്യിച്ചയിൽ കെ.സി.ഗിരീഷ് കുമാറിന്റെ ശിക്ഷണത്തിൽ കെസി ത്രോ അക്കാദമിയിലാണു പരിശീലനം. കഴിഞ്ഞവർഷം തിരുവനന്തപുരത്തു സംസ്ഥാന സ്കൂൾ ചാംപ്യൻഷിപ്പിൽ ദേശീയ മീറ്റ് റെക്കോർഡ് തിരുത്തി സ്വർണം നേടിയാണ് അനുപ്രിയ കായിക കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.
പിന്നീടിങ്ങോട്ട് ഷോട്ട് പുട്ടിൽ വിവിധ നേട്ടങ്ങളും മെഡലുകളുമായി. എറിഞ്ഞു നേടാനുള്ള അനുപ്രിയയുടെ മോഹത്തിനു കരുത്തു പകർന്നത് മാതാവ് രജനിയുടെ നിരന്തരമായ പ്രോത്സാഹനമാണ്. പിതാവ് ശശി പരിശീലനക്കളരിയിൽ കൂട്ടായി. 11നു കോമൺവൽത്ത് ഗെയിംസ് സമാപിക്കും. 16ന് അകം അനുപ്രിയ നാട്ടിൽ തിരിച്ചെത്തും.