എമിറേറ്റ്‌സ് എയറിലെ ക്യാബിന്‍ ക്രൂ 20,000 കടന്നു; ഈ വര്‍ഷം കൂടുതല്‍ റിക്രൂട്ട്‌മെന്റ്

ദുബായ്: ദുബായിലെ മുന്‍നിര വിമാന സര്‍വീസ് കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ അംഗസംഖ്യ 20,000 കടന്നു. ഈ വര്‍ഷം കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും ഇതിനായി ലോകമെമ്പാടും റിക്രൂട്ട്‌മെന്റ് ഇവന്റുകള്‍ നടത്തുന്നത് തുടരുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. ആറ് ഭൂഖണ്ഡങ്ങളിലായി 340 നഗരങ്ങളില്‍ ഒന്നിലധികം റിക്രൂട്ട്‌മെന്റ് ഇവന്റുകള്‍ നടത്തിയാണ് ഇത്രയധികം ജീവനക്കാരെ തെരഞ്ഞെടുത്തത്. നിലവില്‍ 140 ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ജോലിചെയ്യുന്നുണ്ട്. നിലവിലുള്ള ക്രൂവില്‍ 4,000 പേര്‍ അഞ്ചു മുതല്‍ ഒമ്പതു വര്‍ഷമായി കമ്പനിയില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. 3,000 പേര്‍ 10-14 വര്‍ഷമായി ജോലി ചെയ്യുന്നു. 1,500 പേര്‍ 15-19 വര്‍ഷം ജോലി ചെയ്തവരാണ്. കൂടാതെ 400 പേര്‍ 20 വര്‍ഷത്തെ സേവന നാഴികക്കല്ല് പിന്നിട്ടു. മൂന്ന് ക്രൂ അംഗങ്ങള്‍ 30 വര്‍ഷത്തിലേറെയായി കമ്പനിയുടെ കൂടെയുണ്ട്. 1987ല്‍ ചേര്‍ന്ന യുഎഇയിലെ പുരുഷ ജീവനക്കാരനാണ് സര്‍വീസില്‍ ഏറ്റവും സീനിയര്‍. ഇദ്ദേഹം 3,500ലധികം വിമാനങ്ങളില്‍ എമിറേറ്റ്‌സിന്റെ ക്യാബിന്‍ ക്രൂ ആയി പറന്നു. വനിതാ ജീവനക്കാരില്‍ 1994ല്‍ എയര്‍ലൈനില്‍ ചേര്‍ന്ന ക്യാബിന്‍ ക്രൂ ആണ് ഏറ്റവും സീനിയര്‍. ക്യാബിന്‍ ക്രൂവില്‍ നിന്ന് പ്രൊമോഷന്‍ ലഭിച്ച് പേഴ്‌സര്‍ തസ്തികയിലെത്തിയ 1,100ലധികം പേര്‍ എയര്‍ലൈനിലുണ്ട്. എല്ലാ പുതിയ ക്യാബിന്‍ ക്രൂവും എട്ട് ആഴ്ചത്തെ തീവ്രമായ പരിശീലനത്തിന് വിധേയരാകുന്നുണ്ട്.

