ഗസ്സ ഏറ്റെടുക്കൽ പദ്ധതിയെ തുടർന്ന് ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവെച്ച് ജർമനി

ബെർലിൻ: ഗസ്സ നഗരം കീഴടക്കാനുള്ള ഇസ്രായേൽ മന്ത്രിസഭയുടെ തീരുമാനത്തെ തുടർന്ന് ഗസ്സയിൽ ഉപയോഗിക്കാൻ കഴിയുന്ന ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്തിവെച്ച് ജർമനി. ഗസ്സ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ മന്ത്രിസഭാ തീരുമാനത്തെ വിമർശിച്ച് യൂറോപ്യൻ, അറബ് രാജ്യങ്ങൾ രംഗത്ത് വന്നു.
ഈ പദ്ധതി ഗസ്സയിലെ അവശേഷിക്കുന്ന ഇസ്രായേൽ ബന്ദികളെ കൂടുതൽ അപകടത്തിലാക്കുമെന്നും അവിടെ മാനുഷിക ദുരന്തം കൂടുതൽ രൂക്ഷമാക്കുമെന്നുമുള്ള ഐഡിഎഫ് മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് മന്ത്രിസഭാ തീരുമാനമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.
ഗസ്സ ഏറ്റെടുക്കുന്നതിനുള്ള ആസൂത്രിതമായ നീക്കം ഇസ്രായേലി പ്രതിപക്ഷത്തിൽ നിന്നും ബന്ദികളുടെ കുടുംബങ്ങളിൽ നിന്നും കടുത്ത ആഭ്യന്തര വിമർശനത്തിന് കാരണമായിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭ, ചൈന, റഷ്യ, ബ്രിട്ടൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര അപലപനങ്ങൾക്കും കാരണമായിട്ടുണ്ട്.
ഗസ്സ പിടിച്ചെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇസ്രായേലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച ആദ്യം പറഞ്ഞു. എന്നാൽ ഗസ്സയിൽ യുദ്ധം നടത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കക്ക് ഇസ്രയേലുമായി വിയോജിപ്പുകൾ ഉണ്ടെന്ന് മന്ത്രിസഭാ തീരുമാനത്തിന് ശേഷം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു.