KSDLIVENEWS

Real news for everyone

സിസിടിവിയിൽ വ്യക്തം: കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ നിലപാട് മാറ്റി പൊലീസ്; കേസെടുത്തു

SHARE THIS ON

കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തിൽ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പൊലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കും സുഹൃത്തുക്കൾക്കുമെതിരെയാണ് ഇന്നലെ രാത്രി 11.15ന് തലശ്ശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. തെളിവില്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്ന പൊലീസ്, ഒടുവിൽ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് നൽകിയ അന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും പരിശോധിച്ചാണ് അബ്കാരി നിയമപ്രകാരം സ്വമേധയാ കേസെടുത്തതെന്ന് തലശ്ശേരി പൊലീസ് എഫ്ഐആറിൽ പറയുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞുവരുന്ന സുനിൽ കുമാർ (കൊടി സുനി), മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ വിചാരണയ്ക്കായി ജൂൺ 17ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തലശ്ശേരി കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾക്കു ശേഷം തിരിച്ചുപോകവെ വൈകുന്നേരം 4 മണിയോടെ കോടതിക്കു സമീപത്തുള്ള വിക്ടോറിയ ഹോട്ടലിൽ പ്രതികൾ എത്തി. പൊലീസുകാരുടെ നിരീക്ഷണത്തിൽ നിന്നും മാറി പൊതുസ്ഥലമായ ഹോട്ടലിന്റെ കാർ പാർക്കിങ് ഏരിയയിൽ വച്ച് സുഹൃത്തുക്കളോടൊപ്പം പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായെന്നും എഎഫ്ഐആറിൽ പറയുന്നു. തലശ്ശേരി പൊലീസ് എസ്ഐ പി.ഷമീൽ ആണ് കേസ് റജിസ്റ്റർ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കൊടി സുനി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനാകില്ലെ എന്ന നിലപാടിലായിരുന്നു പൊലീസ്. സിസിടിവി ദൃശ്യത്തിൽ നിന്ന്, കുടിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ സാധിക്കില്ലെന്നും കോടതിയിൽ പോയാൽ കേസ് തള്ളിപ്പോകുമെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ അതേ പൊലീസ് തന്നെ ഇപ്പോൾ, കുടിച്ചത് മദ്യമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി എഎഫ്ഐആറിൽ പറയുന്നു. പരാതിയില്ലാത്തതിനാൽ കേസെടുക്കുന്നില്ലെന്നും പൊലീസ് പറഞ്ഞതോടെ കെഎസ്‌യു പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ നിലവിൽ പൊലീസ് സ്വമേധയായാണ് കേസെടുത്തത്.

കൊടി ആയാലും വടി ആയാലും നടപടി എടുക്കുമെന്നാണ് ജയിൽ ഉപദേശക സമിതി അംഗമായ പി. ജയരാജൻ പ്രതികരിച്ചത്. സംഭവത്തിൽ വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖറും പറഞ്ഞും. ഇതിനു പിന്നാലെയാണ് വൈകിയാണെങ്കിലും പൊലീസ് കേസെടുത്ത്. കേസെടുക്കാത്തതിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!