എക്സൈസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് ആക്രമിച്ചു ;
മദ്യം പിടിക്കപ്പെട്ട ആളെ ചോദ്യം ചെയ്യാൻ പോയപ്പോഴായിരുന്നു ആക്രമണം ; കണ്ടാലറിയാവുന്നവർക്കെതിരെ പോലീസ് കേസെടുത്തു

കാസർഗോഡ് : മദ്യം പിടികൂടാൻ പോയ എക്സൈസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് ആക്രമിച്ചു. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. കാസർകോട് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ജേക്കബിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഒരു സംഘം ആക്രമിച്ചത്. സിവിൽ എക്സൈസ് ഓഫീസർ വൈക്കത്തെ നിധീഷി (39) നെ തള്ളിയിട്ട് പരിക്കേൽപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കറന്തക്കാട്ടെ ഒരു ഹോട്ടലിന് സമീപം വെച്ച് 180 മില്ലിയുടെ 33 കുപ്പി മദ്യം പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്യാൻ പോകുന്നതിനിടയിലാണ് എക്സൈസ് ഉദ്യാഗസ്ഥർക്കെതിരെ ആക്രമണം ഉണ്ടായത്.
കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫിൻ്റെ പരാതിയിലാണ് മിഥുൻ, സുജിത്ത്, വിപിൻ, രാജു എന്നിവർക്കും കണ്ടാലറിയാവുന്നവർക്കുമെതിരെയാണ് കേസെടുത്തത്. അക്രമിച്ചതിനും ഔദ്യോഗീക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.