സംസ്‌കാരത്തിന് ചേരാത്ത പ്രവൃത്തിയെന്ന് കോടതി ;
ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരം: യൂട്യൂബ് ചാനലിൽ അശ്ലീല വിഡിയോ ഇട്ട വിജയ് പി.നായരെ കൈകാര്യം ചെയ്തതെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി.
ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കൾക്കും കോടതിയുടെ രൂക്ഷ വിമർശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ല. ഒട്ടും സംസ്കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികൾ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയിൽ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു . മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യൽ, മോഷണം തുടങ്ങി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്.
കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോൾ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നനവർക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിർത്തത്.
ഈ വാദമാണ് കോടതി അംഗീകരിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ്. നിലവിൽ ഇതുവരെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരുന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കാതിരുന്നത്. നിലവിൽ ജാമ്യാപേക്ഷ തള്ളിയതിനാൽ ഇവർക്ക് ഹൈക്കോടതിയെ സമീപിക്കാനാകും. എന്നാൽ അതുവരെ പോലീസ് കാത്തിരിക്കുമോയെന്നാണ് അറിയേണ്ടത്.