KSDLIVENEWS

Real news for everyone

വൊർക്കാടി സഹകരണസംഘം തിരഞ്ഞെടുപ്പിൽ കോ-മാ-ലീ സഖ്യത്തിന് കനത്ത തിരിച്ചടി : കോൺഗ്രസിനെ പുറത്താക്കി ജനകീയസഖ്യം

SHARE THIS ON

വൊർക്കാടി സഹകരണസംഘം തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടിയ ജനപരവേദികെ പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം വൊർക്കാടി : സി.പി.എമ്മുമായി ചേർന്ന് സഹകരണസംഘത്തിന്റെ ഭരണം പിടിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തിയിൽനിന്ന് കനത്ത തിരിച്ചടി. ജില്ലാ നേതൃത്വത്തിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് വൊർക്കാടി സഹകരണസഘം തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും കോൺഗ്രസ് പ്രാദേശികപ്രവർത്തകരുടെ നേതൃത്വത്തിലുള്ള ജനപരവേദികെ (ജനകീയസഖ്യം) നേടി. കോൺഗ്രസ്-മാർക്‌സിസ്റ്റ് -മുസ്‌ലിം ലീഗ് (കോ-മാ-ലീ) സഖ്യമുണ്ടാക്കി ഭരണം പിടിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം ജനപരവേദികെ വെർക്കാടി-മീഞ്ച എന്ന സംഘടന രൂപവത്കരിച്ച് മത്സരിച്ചത്. പത്ത് സീറ്റിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. ആകെ 4773 വോട്ടിൽ 2675 ആണ്‌ പോളിങ്‌. ജനപരവേദികെയുടെ ചില സ്ഥാനാർഥികൾക്ക് ആയിരത്തിന് മുകളിൽ വോട്ട് ലഭിച്ചു. 122 വോട്ട് അസാധുവായി. 15 വർഷമായി കോൺഗ്രസ് ഭരിക്കുന്ന സംഘമാണ് പുതിയ ഭരണസമിതിയുടെ കൈകളിലേക്ക് പോയിരിക്കുന്നത്. സഹകരണസംഘം മഞ്ചേശ്വരം യൂണിറ്റ്‌ സീനിയർ ഇൻസ്പെക്ടർ പി. ബൈജുരാജ്‌ വരണാധികാരിയായിരുന്നു. നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കാതെ ജനപരവേദികെയ്ക്ക് കീഴിൽ മത്സരിച്ചതിന് എച്ച്.എ. ഹനീഫ്, വിനോദ് കുമാർ പാവൂർ, ബി.എം. മൂസക്കുഞ്ഞി, സുനിത ഡിസൂസ എന്നിവരെ കോൺഗ്രസ് ബ്ലോക്ക്‌ നേതൃത്വം പുറത്താക്കിയിരുന്നു. ഇവരും പിന്നിൽ അണിനിരന്ന റാബിയ ഇസ്മയിൽ, നിക്കോളാസ് മൊണ്ടേരോ, സത്യനാരായണ ഭട്ട്, സി. ജഗദീഷ്, സതീഷ് കൂട്ടത്തജെ, തുളസികുമാരി എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. എതിരാളിയുടെ സ്ഥാനാർഥിത്വം അസാധുവായതോടെ ജനപരവേദികെയുടെ പ്രവീൺ നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എച്ച്.എ. ഹനീഫ് ആണ് പ്രസിഡന്റ് സ്ഥാനാർഥി. ജനപരവേദികെയ്ക്ക് എതിരേ കോൺഗ്രസ് നാല്, മുസ്‌ലിം ലീഗ് മൂന്ന്, സി.പി.എം., സി.പി.ഐ., കേരളാ കോൺഗ്രസ് (എം) എന്നിവയ്ക്ക് ഒന്നു വീതം സ്ഥാനാർഥികളാണ് മത്സരിച്ചത്. സംഘം ബി.ജെ.പി.യുടെ കൈയിലെത്തുന്നത് തടയാനാണ് എൽ.ഡി.എഫുമായി സീറ്റ് ധാരണ ഉണ്ടാക്കിയതെന്നും അത് സഖ്യത്തിന്റെ ഭാഗമല്ലെന്നുമാണ് നേരത്തെ ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞത്. എന്നാൽ, മേഖലയിൽ ബി.ജെ.പി.യുടെ വെല്ലുവിളിയില്ലെന്നും എൽ.ഡി.എഫുമായി ചേർന്ന് മത്സരിക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനം ശരിയായില്ലെന്നുമുള്ള ചില പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ നിലപാട് ശരിവെക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!