മഞ്ചേശ്വരത്ത് ഉണ്ടായ വിദ്യാർഥിയുടെ അപകടമരണം: മൃതദേഹവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു

മഞ്ചേശ്വരം : ഉദ്യാവറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു. കുഞ്ചത്തൂരിലെ രഘുരാമയുടെ മകനും മംഗളൂരുവിൽ പ്ലസ് ടു വിദ്യാർഥിയുമായ സുമന്ത് ആർ. ആൾവ (17) ആണ് മരിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് മൃതദേഹവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു വെള്ളിയാഴ്ച വൈകീട്ട് ഉദ്യാവർ മാടയിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വിദ്യാർഥിയെ അമിതവേഗത്തിൽ വന്ന കാറിടിച്ചത്.
പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലെ ചികിത്സയ്ക്കിടെയാണ് മരിച്ചത്. അപകടം നടന്നിടത്ത് ദേശീയപാതയുടെ ഇരുവശങ്ങളെയും ബന്ധിപ്പിക്കാൻ അടിപ്പാത വേണമെന്നത് നാട്ടുകാരുടെ ആവശ്യമായിരുന്നു.
അടിപ്പാതയില്ലാത്തത് നിരന്തരം അപകടങ്ങൾക്ക് വഴിയൊരുക്കിയെന്നാരോപിച്ചാണ് നാട്ടുകാർ ദേശീയപാത ഉപരോധിച്ചത്.
അടിപ്പാതയ്ക്കായി ജനകീയസമിതി രൂപവത്കരിച്ച് അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും നാട്ടുകാർ അറിയിച്ചു.