മുംതാസ് അലിയുടെ ദുരൂഹ മരണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
മഗളൂരു: വ്യവസായി ബി.എം. മുംതാസ് അലിയെ ദുരൂഹസാഹചര്യത്തില്‍ ഫല്‍ഗുനി പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ മംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി ആയിശ എന്ന റഹ്മത്ത്, ഭർത്താവും അഞ്ചാം പ്രതിയുമായ ശുഐബ്, രണ്ടാം പ്രതി അബ്ദുല്‍ സത്താർ, മൂന്നാം പ്രതി സിറാജ് എന്നിവരാണ് അറസ്റ്റിലായത്. അലിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലേക്ക് കടന്ന റഹ്മത്ത് തിരിച്ചു സഞ്ചരിക്കുന്നതിനിടെ മംഗളൂരുവിനടുത്ത കല്ലടുക്കയില്നിന്നാണ് അറസ്റ്റിലായത്.
മുൻ കോണ്‍ഗ്രസ് എം.എല്‍.എയും ജെ.ഡി.എസ് നേതാവുമായ മുഹിയുദ്ദീൻ ബാവയുടെ സഹോദരനായ ബി.എം. മുംതാസ് അലിയുടെ (52) മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. അലിയുടെ കാർ കിടന്ന കുളൂര്‍ പാലത്തിനടിയില്‍ ഫല്‍ഗുനി പുഴയിലായിരുന്നു മൃതദേഹം. ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിന് മുകളില്‍ അപകടത്തില്‍പെട്ട നിലയില്‍ മുംതാസ് അലിയുടെ ആഢംബര കാര്‍ കണ്ടെത്തിയിരുന്നു.
അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിന് സമീപത്തുണ്ടായിരുന്നു. കുടുംബ വാട്സ്ആപ് ഗ്രൂപ്പില്‍ പുലര്‍ച്ച മുംതാസ് അലി ബ്യാരി ഭാഷയില്‍ അയച്ച സന്ദേശത്തില്‍ ജീവനൊടുക്കുകയാണെന്ന സൂചനയുണ്ടായിരുന്നു. പുലര്‍ച്ച മൂന്നോടെ മുംതാസ് അലി വീടുവിട്ടതായാണ് മകള്‍ പൊലീസിനോട് പറഞ്ഞത്. ഹണിട്രാപ് ഇരയാണ് അലിയെന്ന് സഹോദരൻ ഹൈദരലി പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഈ ദിശയില്‍ അന്വേഷണം പുരോഗമിക്കുന്നത്.
ഇതര സ്ത്രീയുമായി ബന്ധമുണ്ടെന്ന രീതിയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ മുംതാസ് അലിയില്‍നിന്ന് ജൂലൈ മുതല്‍ 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെങ്കിലും ഇനിയും അത്രയും ആവശ്യപ്പെട്ട് ഭീഷണി തുടരുകയാണെന്നാണ് പരാതിയില്‍ പറഞ്ഞത്.