KSDLIVENEWS

Real news for everyone

കുട്ടികളിൽ പലരുടെയും ആധാർ പുതുക്കിയില്ല;മുൻഗണന കാര്‍ഡുകാരുടെ റേഷൻ മസ്റ്ററിങ്‌ പ്രതിസന്ധിയില്‍

SHARE THIS ON

കാളികാവ്: മുൻഗണന കാർഡുകാരുടെ റേഷൻ മസ്റ്ററിങ്‌ പ്രതിസന്ധിയില്‍. പലയിടത്തും മസ്റ്ററിങ് പൂർത്തിയായില്ല. റേഷൻ കടകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

കുട്ടികളുടെയും മുതിർന്നവരുടെയും മസ്റ്ററിങ്‌ പൂർത്തിയാക്കുന്നതിലാണ് കാര്യമായ തടസ്സം. കുട്ടികളില്‍ പലരുടെയും ആധാർ പുതുക്കാത്തതിനാല്‍ വിരല്‍ പതിയുന്നില്ല. മുതിർന്നവരുടെ കാര്യത്തില്‍ വിരല്‍ പതിയാത്തതിനാല്‍ പലതവണ ആവർത്തിക്കേണ്ടിവരുന്നു. ഇത് കാര്യമായ സമയനഷ്ടത്തിനുമിടയാക്കുന്നു. കൂടാതെ കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിലും തടസ്സം നേരിടുന്നുണ്ട്.

മസ്റ്ററിങ്‌ പൂർത്തിയാക്കാനായി ആധാർ പുതുക്കാൻ അക്ഷയകേന്ദ്രങ്ങളില്‍ വൻ തിരക്കാണ്. ആധാർ പുതുക്കാനുള്ള സൈറ്റില്‍ പ്രശ്നങ്ങളുണ്ടായത് തിരക്ക് ഇരട്ടിയാക്കി. ബി.പി.എല്‍, എ.എ.വൈ കാർഡുകാരില്‍ അനർഹരെ ഒഴിവാക്കാനാണ് സംസ്ഥാനത്ത് മസ്റ്ററിങ്‌ നടത്തുന്നത്.

ആധാർ അടിസ്ഥാനമാക്കി ബയോമെട്രിക് സംവിധാനത്തിലൂടെ ഉടമകളുടെ മസ്റ്ററിങ്‌ നടത്തിയാല്‍ മുൻഗണന ക്രമത്തിലുള്‍പ്പെട്ട അനർഹരെ ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് നടപടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഇ-പോസ് യന്ത്രത്തിലെ തകരാർ മൂലം തടസ്സങ്ങളുണ്ടായി. പിന്നാലെ ലോക്‌സഭ തെരഞ്ഞെടുപ്പും എത്തിയതോടെ മസ്റ്ററിങ്‌ നിർത്തിവെച്ചു. പിന്നീട് അടുത്തിടെയാണ് നടപടികള്‍ പുനരാരംഭിച്ചത്. പ്രതിസന്ധി കാരണം മസ്റ്ററിങ് നീട്ടണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!