മതവിശ്വാസം ഭരണഘടനയേക്കാള്‍ വലുതല്ല; ശരീഅത്ത് ലംഘിച്ചുവെന്നാരോപിച്ച നൗഷാദ് അഹ്‌സനിക്കെതിരേ ഹൈക്കോടതി

ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് കേരള ഹൈക്കോടതി. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ നൗഷാദ് എന്ന മതപ്രഭാഷകനായ നൗഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.മുതിര്‍ന്ന പെണ്‍കുട്ടി മറ്റൊരു പുരുഷനെ സ്പര്‍ശിക്കുന്നത് ശരീഅത്ത് നിയമം തെറ്റാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും നൗഷാദ് അഹ്‌സനി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.
സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെ നടത്തിയ അധിക്ഷേപത്തിലൂടെ തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടായി എന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കുന്നംമംഗലം പോലീസ് കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് നൗഷാദ് അഹ്‌സനി കോടതിയെ സമീപിച്ചത്.
2016 ഓഗസ്റ്റ് 18 ന് കോഴിക്കോട്ടെ മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന ചടങ്ങില്‍ നിയമവിദ്യാര്‍ത്ഥിനി അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയ സംഭവത്തില്‍ പെണ്‍കുട്ടി ശരീഅത്ത് നിയമം ലംഘിച്ചുവെന്നാണ് നൗഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍ ആരോപിച്ചത്.
രാജ്യത്ത് ഭരണഘടനയാണ് വലുതെന്ന് പറഞ്ഞ ഹൈക്കോടതി ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും ആചരിക്കാനും എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും അധികാരമുണ്ടെന്നും എന്നാല്‍ ഇത് തികച്ചും വ്യക്തിപരായ അവകാശമാണെന്നും വ്യക്തമാക്കി. അതിനാല്‍ തന്നെ ഒരുമതവും ആചാരവും മറ്റൊരാള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍
ഭരണഘടന അനുവദിക്കുന്നില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എല്ലാ മതങ്ങളിലും പുരാതനമായ ആചാരങ്ങളുണ്ടാകാം. ആ മതവിശ്വാസങ്ങളോട് ചിലർക്ക് യോജിപ്പും ചിലർക്ക് വിയോജിപ്പുമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ഒരാളുടെ മത വിശ്വാസം മറ്റൊരാളെ അടിച്ചോല്പിക്കരുതെന്നും കോടതി ഓർമ്മപ്പെടുത്തി.
നിയമവിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ 37കാരനായ നൗഷാദ് അഹ്‌സിനിക്കെതിരെ കലാപശ്രമം, സ്ത്രീയുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രവര്‍ത്തി ചെയ്തു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. എന്നാല്‍ ഈ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. മതത്തില്‍ നിര്‍ബന്ധാവസ്ഥ എന്നൊരു കാര്യം ഇല്ലെന്ന് പറഞ്ഞ കോടതി ‘നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം’ എന്ന കാര്യം ഖുറാനില്‍ തന്നെ പറയുന്നുണ്ടെന്നും വ്യക്തമാക്കി.
നൗഷാദിനെതിരെ പെണ്‍കുട്ടി നല്‍കിയ കേസ് നിലവില്‍ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ആ കേസില്‍ ഹർജിക്കാരനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ ശരിയാണോയെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കോടതിയാണെന്ന് പറഞ്ഞ ഹൈക്കോടതി ഹർജിക്കാരന്‍ നിരപരാധിയാണെങ്കില്‍ പ്രസ്തുത കോടതിയില്‍ നിന്ന് വിടുതല്‍ നേടാം എന്നും വ്യക്തമാക്കി.
അല്ലാത്തപക്ഷം സവിശേഷ അധികാരം ഉപയോഗിച്ച് കേസില്‍ ഹൈക്കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
തന്റെ ഭാവി ജീവിതത്തിന് പ്രശ്നം വരുന്ന രീതിയില്‍ തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടാക്കി എന്നും മത സംഘടനകള്‍ തമ്മില്‍ സ്പർദ്ധയും വിദ്വേഷവും ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന് മന:പ്പൂർവം ശ്രമിച്ചു എന്നാണ് പെണ്‍കുട്ടി നൗഷാദ് അഹ്‌സിനിക്കെതിരെ നല്‍കിയ പരാതി.

