KSDLIVENEWS

Real news for everyone

ഗസ്സയിലും ലബനാനിലും ആക്രമണം ശക്തമാക്കി ഇസ്രായേല്‍; ഇസ്രായേലിനു നേര്‍ക്ക് കൂടുതല്‍ ആക്രമണം നടത്തുമെന്ന് ഹിസ്ബുല്ല

SHARE THIS ON

ദുബൈ: ഗസ്സയിലും ബെയ്റൂത്ത് ഉള്‍പ്പെടെ ലബനാൻ പ്രദേശങ്ങളിലും ആക്രമണം വ്യാപിപ്പിച്ച്‌ ഇസ്രായേല്‍. ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിർന്ന ഹിസ്ബുല്ല കമാൻഡർ സുഹൈല്‍ ഹുസൈനിയെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

സിറിയൻ തലസ്ഥാനമായ ദമസ്കസിനു നേരെ നടന്ന ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. ഇവരില്‍ ഇറാനികള്‍ ആരും തന്നെയില്ലെന്ന് സിറിയയിലെ അമേരിക്കൻ അംബാസഡർ വ്യക്തമാക്കി. വടക്കൻ ഇസ്രായേലിലെ ഹൈഫയിലും ഗലീലിയിലും ഹിസ്ബുല്ലയുടെ കനത്ത റോക്കറ്റാക്രമണം നടന്നു. 12 പേർക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.

ഇസ്രായേലിനു നേർക്ക് കൂടുതല്‍ ആക്രമണം നടത്തുമെന്നും വടക്കൻ ഇസ്രായേലില്‍നിന്ന് കൂടുതല്‍ പേർ ഒഴിഞ്ഞുപോകാൻ നിർബന്ധിതരാകുമെന്നും ഹിസ്ബുല്ല നേതാവ് നഈം ഖാസിം പറഞ്ഞു. അതിനിടെ, ലബനാന് ശക്തമായ മുന്നറിയിപ്പുമായി നെതന്യാഹു പുതിയ വീഡിയോ സന്ദേശം പുറത്തുവിട്ടു.

ഹിസ്ബുല്ലയെ കൈവെടിഞ്ഞില്ലെങ്കില്‍ ഗസ്സയുടെ അതേ ദുരന്തം തന്നെയാകും ലബനാനെയും കാത്തിരിക്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി. ഹസൻ നസ്റുല്ലയെ മാത്രമല്ല പിൻഗാമി ഹാഷിം സൊഫ്യുദ്ദീനെയും വധിച്ചതായി വെളിപ്പെടുത്തിയ നെതന്യാഹു, ഹിസ്ബുല്ലയെ ഇല്ലായ്മ ചെയ്യുമെന്നും വ്യക്തമാക്കി.

ഇറാനെതിരായ പ്രത്യാക്രമണ സ്വഭാവം സംബദ്ധിച്ച്‌ നെതന്യാഹുവിന്‍റെ അധ്യക്ഷതയില്‍ ചേർന്ന ഇസ്രായേല്‍ സുരക്ഷാ സമിതി വിലയിരുത്തി. എന്നാല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിന്‍റെ അമേരിക്കൻ സന്ദർശനം നെതന്യാഹു ഇടപെട്ട് തടഞ്ഞു. ഇതോടെ ഇറാനെതിരായ നീക്കം സംബന്ധിച്ച്‌ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ഇന്ന് അമേരിക്കയില്‍ നടക്കേണ്ട ചർച്ച മാറ്റി. താനും യുഎസ് പ്രസിഡന്‍റ് ബൈഡനുമായാണ് ചർച്ച നടത്തേണ്ടതെന്ന് നെതന്യാഹു പറഞ്ഞതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

വടക്കൻ ഗസ്സയിലെ കമാല്‍ അദ്വാൻ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ സേന ആക്രമണം നടത്തി. മുഴുവൻ രോഗികളെയും മാറ്റണമെന്ന താക്കീത് നല്‍കി അധികം കഴിയും മുമ്ബായിരുന്നു ആക്രമണം. മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്ബില്‍ ഇസ്രായേല്‍ ബോംബിങ്ങില്‍ 17 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ, ഗസ്സയില്‍ 56 പേരാണ് ഇസ്രായേല്‍ കുരുതിക്കിരയായത്. മേഖലായുദ്ധം ഒഴിവാക്കാൻ സാധ്യമായ എല്ലാ ശ്രമവും തുടരുന്നതായി അമേരിക്ക സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉറപ്പു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!