ബിലിവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍ നാടകീയ സംഭവങ്ങള്‍: ഐ ഫോണ്‍ തട്ടിപ്പറിച്ചോടി എറിഞ്ഞുടച്ച് വൈദികന്‍

തിരുവല്ല : ബിലിവേഴ്സ് ചർച്ചിൽ മൂന്ന് ദിവസമായി തുടരുന്ന റെയ്ഡ് പൂർത്തിയായി. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്സ് ചർച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പണം റിയൽ എസ്റ്റേറ്റ് കൺസ്ട്രെഷൻ മേഖലകളിലേക്ക് വകമാറ്റി ചിലവഴിച്ചുവെന്നാണ് കണ്ടെത്തൽ.ആദായനികുതി വകുപ്പിന്റെ പ്രഥമിക പരിശോധനയിൽ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തിക്കഴിഞ്ഞു. റെയ്ഡ് പുരോഗമിക്കുന്നതിനിടെ ആദ്യ ദിവസം സഭയുടെ വക്താവും മെഡിക്കൽ കോളേജിന്റെ മാനേജറും ആയ ഫാദർ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോൺ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എടുത്തിരുന്നു. ഉദ്യോഗസ്ഥർ ഇത് പരിശോധിക്കുന്നതിന് ഇടയിൽ ഫാദർ സിജോ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് ബാത്ത്റൂമിലേക്ക് ഓടി ഫോൺ നിലത്ത് എറിഞ്ഞുടച്ച് നശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.ഫ്ളഷ് ചെയ്യാനുള്ള ശ്രമത്തിനിടെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെടുകയും വൈദികനെ പിടിച്ചുമാറ്റി തകർന്ന ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ച ഫോണിൽ നിന്നെടുത്ത ഡേറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്.നിർണായകമായ മറ്റൊരു തെളിവായ പെൻഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് തടയാനായി.റെയ്ഡിനിടെ പതിനാലര കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഏഴുകോടി രൂപ ബിലിവേഴ്സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറിൽ നിന്നാണ് പിടിച്ചെടുത്തത്. ബാക്കി തുക ഡൽഹിയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് പിടിച്ചെടുത്തത്.അനധികൃത ഇടപാട് നടത്തിയതിനെ തുടർന്ന് ബിലിവേഴ്സിന്റെ എഫ്സിആർഎ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ 2016-ൽ റദ്ദാക്കിയിരുന്നു. പിന്നീട് ട്രെസ്റ്റുകൾ രൂപീകരിച്ച് ബിലിവേഴ്സ് രജിസ്ട്രേഷൻ നേടാൻ ശ്രമം തുടർന്നു. അമേരിക്കൻ സർക്കാർ ഏകദേശം 200 കോടി രൂപ ബിലിവേഴ്സിന് പിഴയിട്ടതായും ആദായനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു.ബിലിവേഴ്സ് സ്ഥാപകൻ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദർ ഡാനിയൽ വർഗീസും വിദേശത്താണ്. ഇരുവരെയും ഇന്ത്യയിലെത്തിക്കാനുള്ള നീക്കം ആദായ നികുതി വകുപ്പ് നടത്തുന്നുണ്ട്.

