ഷാങ്ഹായ് ഉച്ചകോടി: ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ആദ്യമായി വേദി പങ്കിടാന്‍ മോദിയും ജിന്‍പിങ്ങും

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യുടെ വെർച്വൽ ഉച്ചകോടി ചൊവ്വാഴ്ച നടക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിക്കഴിഞ്ഞു. ചൈനയുടെയും പാകിസ്താന്റെയും പങ്കാളിത്തവും ഉറപ്പായിക്കഴിഞ്ഞു. ഗാൽവാൻ സംഘർഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ആദ്യമായി ഒരേ വേദി പങ്കിടുന്നത് നാളെ നടക്കുന്ന ഷാൻഹായ് ഉച്ചകോടിയിൽ ആയിരിക്കും.കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ യഥാർഥ നിയന്ത്രണ രേഖ കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ചെറുക്കുന്നതിനിടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ചൈനയുടെ ഭാഗത്തും ആൾനാശമുണ്ടായി. എന്നാൽ അതിന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ അവർ ഇതുവരെ തയ്യാറായിട്ടില്ല. ഗാൽവാൻ സംഘർഷത്തെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന വൻ സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടെയും നേതാക്കൾ ഒരേ വേദി പങ്കിടാനൊരുങ്ങുന്നത്.ഷാൻഹായ് ഉച്ചകോടിക്ക് പുറമെ ഈമാസം നടക്കുന്ന മറ്റ് രണ്ട് ചടങ്ങുകളിലും പ്രധാനമന്ത്രി മോദിയും ഷി ജിൻപിങ്ങും പങ്കെടുക്കുന്നുണ്ട്. ഈ മാസം 17 ന് നടക്കുന്ന ബ്രിക്സ് വെർച്വൽ ഉച്ചകോടി, 21, 22 തീയതികളിൽ നടക്കുന്ന ജി 20 വെർച്വൽ ഉച്ചകോടി എന്നിവയാണവ. പ്രധാനമന്ത്രി മോദിക്കും ഷി ജിൻപിങ്ങിനും പുറമെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരും കസാഖിസ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിലെ നേതാക്കളും നാളെ നടക്കുന്ന ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ അധ്യക്ഷത വഹിക്കും. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യും പാകിസ്താനും തമ്മിലുള്ള ബന്ധവും വഷളായിരുന്നു. അതിനിടെ പാക് പ്രധാനമന്ത്രിയും നാളത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്.

