‘മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട’ ; പ്രതികരണവുമായി കെ.ടി. ജലീല്‍

മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയണ്ടെന്ന് മന്ത്രി കെ.ടി.ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തിയെന്നും ജലീൽ പറയുന്നുആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല-ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംമാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്.
ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു; ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകന്റെ എക്കാലത്തുമുള്ള ആത്മബലം. എന്റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ്.
മന്ത്രിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായി കസ്റ്റംസ് കസ്റ്റഡിയിൽനിന്ന് മന്ത്രി പുറത്തുവരുന്നതിനു മുമ്പായിരുന്നു ഫെയ്സ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ തൊട്ടുപിന്നാലെ പോസ്റ്റ് അപ്രത്യക്ഷമായി.

