KSDLIVENEWS

Real news for everyone

ബുര്‍ജ് ഖലീഫയില്‍ സെപ്റ്റിക് ടാങ്ക് ഇല്ല!; പിന്നെ ഈ മനുഷ്യവിസര്‍ജമൊക്കെ എങ്ങോട്ട് പോകുന്നു?

SHARE THIS ON

നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കെട്ടിടമാണ് ബുർജ് ഖലീഫ. യുഎഇയിലെ ദുബായില്‍ സ്ഥിതിചെയ്യുന്ന ബുർജ് ഖലീഫ ആഡംബരത്തിൻ്റെ അവസാന വാക്കാണ്.

2010ല്‍ നിർമ്മിച്ച, 160 നിലകളുള്ള ഈ കെട്ടിടമാണ് മനുഷ്യനിർമ്മിതികളില്‍ ഏറ്റവും ഉയരം കൂടിയത്. 828 മീറ്ററുള്ള ബുർജ് ഖലീഫയുടെ നിർമ്മാണം ആരംഭിച്ചത് 2004 സെപ്തംബർ 21നാണ്. ആറ് വർഷങ്ങള്‍ക്ക് ശേഷം 2010 ജനുവരി നാലിന് ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തു. 95 കിലോമീറ്റർ ദൂരെ നിന്ന് തന്നെ കെട്ടിടം കാണാനാവും. ഇത്രയധികം സവിശേഷതകളുള്ള ബുർജ് ഖലീഫയ്ക്ക് മറ്റൊരു സവിശേഷതയുണ്ട്. ഈ കെട്ടിടത്തില്‍ സെപ്റ്റിക് ടാങ്ക് ഇല്ല! അപ്പോള്‍ ഈ കെട്ടിടത്തിലെ താമസക്കാർ ശൗചാലയത്തില്‍ പോകുന്നില്ലേ? ഉണ്ടല്ലോ. അതിനുള്ള വിശദീകരണം ചുവടെ.

ബുർജ് ഖലീഫയല്ല, ലോകത്തിലെ ഏറ്റവും അഡ്വാൻസ്ഡായ നഗരങ്ങളില്‍ ഒന്നായ ദുബായിലെ പല വമ്ബൻ കെട്ടിടങ്ങള്‍ക്കും സെപ്റ്റിക് ടാങ്ക് ഇല്ല. സാധാരണയായി ദുബായിലെ കെട്ടിടങ്ങള്‍ സർക്കാരിൻ്റെ അഴുക്കുചാലുകളുമായി ബന്ധപ്പെട്ടിരിക്കും. ഇങ്ങനെയാണ് ശൗചാലയങ്ങളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യപ്പെടുന്നത്. എന്നാല്‍, ബുർജ് ഖലീഫ അടക്കം ദുബായിലെ പല വമ്ബൻ കെട്ടിടങ്ങളും ഇങ്ങനെ അഴുക്കുചാലുകളുമായി ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, സെപ്റ്റിക് ടാങ്കുകളും ഇല്ല. പിന്നെ എങ്ങനെയാണ് ബുർജ് ഖലീഫയിലെ ശൗചാലയങ്ങളിലുണ്ടാവുന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്?

ട്രക്കുകളാണ് ഈ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. ദിവസേന, നിരവധി ട്രക്കുകള്‍ ഈ അവശിഷ്ടങ്ങള്‍ ശേഖരിച്ച്‌, പട്ടണത്തിന് പുറത്തുകൊണ്ട് പോയി നീക്കം ചെയ്യും. ഇത് വെറുതേ മരുഭൂമിയില്‍ ഒഴുക്കിക്കളയുകയല്ല. ഇത്തരം അവശിഷ്ടങ്ങള്‍ സംസ്കരിക്കാനുള്ള ഇടം പട്ടണത്തിന് പുറത്തുണ്ട്. ഇവിടേക്കാണ് ട്രക്കുകള്‍ ഈ അവശിഷ്ടങ്ങള്‍ കൊണ്ടുപോവുക.

അംബരചുംബികളായ കെട്ടിടങ്ങളുടെ നിർമ്മിതിയെയും ഘടനയെയും പറ്റി എഴുതിയ ‘ദി ഹൈറ്റ്സ്; അനാട്ടമി ഓഫ് എ സ്കൈസ്ക്രാപ്പർ’ എന്ന പുസ്തകത്തിൻ്റെ രചയിതാവായ കേറ്റ് ആഷ്ചെർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എൻപിആറിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ദുബായിലെ ബുർജ് ഖലീഫ അടക്കം പല അംബരചുംബികളും ശൗചാലയങ്ങളിലെ അടക്കം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ഇങ്ങനെയാണെന്ന് അവർ പറഞ്ഞു. ബുർജ് ഖലീഫയുടെ കാര്യത്തില്‍, ഇത്രയധികം ആളുകള്‍ ഉപയോഗിക്കുന്ന കെട്ടിടത്തില്‍ സെപ്റ്റിക് ടാങ്ക് ഉണ്ടാക്കുകയെന്നത് പ്രായോഗികമായിരുന്നില്ല. കെട്ടിടനിർമ്മാണത്തിൻ്റെ വേഗം സെപ്റ്റിക് ടാങ്ക് ഇൻസ്റ്റാള്‍ ചെയ്യാനുള്ള അനുമതിയ്ക്ക് ലഭിച്ചില്ല. പ്രായോഗികതയായിരുന്നു കാരണം. സെപ്റ്റിക് ടാങ്ക് നിറയുന്നതടക്കമുള്ളവ വലിയ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടിയത്. ഇതോടെ, അവശിഷ്ടങ്ങള്‍ പട്ടണത്തിന് പുറത്ത് കളയാമെന്ന് തീരുമാനിക്കുകയായിരുന്നു.

24 മണിക്കൂറോളം കാത്തുനിന്നിട്ടാണ് ട്രക്കുകള്‍ അവശിഷ്ടങ്ങള്‍ നിറച്ച്‌ പോകുന്നത്. അത്രയധികം ട്രക്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 163 നിലകളിലായി 35,000 ആളുകളുള്ള ഈ കെട്ടിടത്തില്‍ ഒരു ദിവസം ഏകദേശം ഏഴ് ടണ്‍ മനുഷ്യ വിസർജ്യമുണ്ടാവും. ഇതിനൊപ്പം മറ്റ് അവശിഷ്ടങ്ങളും കൂടിയാവുമ്ബോള്‍ ആകെ ഒരു ദിവസം വരുന്ന അവശിഷ്ടം 15 ടണ്‍ ആവും. ഇതാണ് ഓരോ ദിവസവും മാറ്റേണ്ടത്.

സ്കിഡ്മോർ, ഓവിങ്സ് ആന്റ് മെറില്‍ എന്ന സ്ഥാപനമാണ് ബുർജ് ഖലീഫ നിർമ്മിച്ചത്. അമേരിക്കയിലെ ഷിക്കാഗോയാണ് ഈ സ്ഥാപനത്തിൻ്റെ ആസ്ഥാനം. ബില്‍ ബേക്കർ ചീഫ് സ്ട്രക്ചറല്‍ എഞ്ചിനീയറായും അഡ്രിയാൻ സ്മിത്ത് ചീഫ് ആർക്കിടെക്ടായുമാണ് കെട്ടിടത്തിൻ്റെ രൂപകല്പന നിർവഹിച്ചത്. സാംസങ് സി & ടി ആണ് പ്രധാന കോണ്‍ട്രാക്ടർ. 12000 ല്‍ അധികം തൊഴിലാളികള്‍ കെട്ടിടനിർമ്മാണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തോടൊപ്പം താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം, കൂടുതല്‍ നിലകളുള്ള കെട്ടിടം, ഏറ്റവും ഉയരത്തില്‍ ആളുകള്‍ താമസിക്കുന്ന കെട്ടിടം, ഏറ്റദും ദൂരത്തില്‍ സഞ്ചരിക്കുന്ന എലവേറ്റർ, ഏറ്റവും നീളം കൂടിയ എലവേറ്റർ എന്നിങ്ങനെ വിവിധ റെക്കോർഡുകള്‍ ബുർജ് ഖലീഫയ്ക്കുണ്ട്. ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്കും (124ആം നിലയില്‍) ഇവിടെയുണ്ട്. സെക്കൻഡില്‍ 18 മീറ്റർ വരെ വേഗതയുള്ള, 500 മീറ്ററിലധികം ഉയരുന്നതാണ് ഇവിടുത്തെ ലിഫ്റ്റുകള്‍. 76ആമത്തെ നിലയിലാണ് സ്വിമ്മിങ് പൂള്‍. ഇതൊക്കെ റെക്കോർഡുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!