KSDLIVENEWS

Real news for everyone

ഖത്തറിൽ വാട്ടർ ടാക്സി സർവീസ് ആരംഭിക്കുന്നു

SHARE THIS ON

ദോഹ: രാജ്യത്തെ ഗതാഗത രംഗത്ത് വൻ മാറ്റം കൊണ്ടുവരുന്ന വാട്ടർ ടാക്സി സർവീസ് ആരംഭിക്കാൻ പോകുന്നതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. അൽ വക്റ മുതൽ അൽഖോർ വരെയുള്ള തീരദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായിട്ടുണ്ട്.

ദോഹയിൽ നടക്കുന്ന ബോട്ട് ഷോയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് ഖത്തർ ഗതാഗത മന്ത്രാലയം വാട്ടർ ടാക്സി പദ്ധതിയുടെ പുരോഗതി പ്രഖ്യാപിച്ചത്. ലുസെയ്ൽ ഫെറി ടെർമിനിൽ, പേൾ ഖത്തറിലെയും കോർണിഷിലെയും ഫെറി സ്റ്റോപ്പുകൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയത്. ഗതാഗത മന്ത്രാലയം പങ്കാളികളായ ഖത്തർ ബോട്ട് ഷോയിലെ പവിലിയനിൽ വാട്ടർ ടാക്സിയുടെ വിവരണവും ലുസെയ്ൽ ഫെറി ടെർമിനലിന്‍റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്.

2200 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ളതാണ് ലുസെയ്ൽ ഫെറി ടെർമിനൽ. ലാൻഡിങ് സ്റ്റേജ് ആയ 24 മീറ്റർ നീളത്തിലെ ബാർജ് ഉൾപ്പെടുന്ന ടെർമിലനിൽ ഇലക്ട്രിക് ചാർജിങ് സൗകര്യങ്ങളുമുണ്ട്. പേൾ, കോർണിഷ് എന്നിവടങ്ങളിലും ഫെറി സ്റ്റോപ്പുകൾ സജ്ജമാക്കി കഴിഞ്ഞു. ഇവിടെയും ഫെറികൾ ചാർജ് ചെയ്യാനും മറ്റുമായി ബാർജുകൾ തയാറാക്കിയിട്ടുണ്ട്. ടെർമിനലിൽ കാത്തിരിപ്പ് കേന്ദ്രം, ടിക്കറ്റ് സൗകര്യം, ഷോപ്പുകൾ, ഓഫിസുകൾ തുടങ്ങിയ വിവിധ സേവന സൗകര്യങ്ങളും ഉൾപ്പെടുന്നു. 

ഖത്തറിന്‍റെ ഗതാഗത, വിനോദസഞ്ചാര മേഖലയിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വാട്ടർ ടാക്സി പദ്ധതി ഖത്തർ ദേശീയ വിഷൻ പദ്ധതിയൂടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. 2022ലാണ് അൽ വക്റ മുതൽ അൽ ഖോർ വരെ ജലഗതാഗതം വഴി ബന്ധിപ്പിക്കുന്ന വാട്ടർ ടാക്സി പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിൽ കതാറ, ഓൾഡ് ദോഹ പോർട്ട്, ഹമദ് വിമാനത്താവളം, അൽ വക്റ എന്നിവടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ പൂർത്തിയാക്കും. ലോകകപ്പിന്‍റെ ഭാഗമായി പണിത പുതിയ നഗരമായ ലുസെയ്ൽ സിറ്റിയും സിമൈസിമ എന്നിവയിലൂടെ കടന്നുപോകുന്നതാണ് ഈ പദ്ധതി. ബോട്ട് ഷോയുടെ ഭാഗമായി ഖത്തർ ഗതാഗത മന്ത്രാലയം ഒരുക്കിയ പവലിയൻ  ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് ബിൻ അഹമ്മദ് അൽ സുലൈത്തി സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!