KSDLIVENEWS

Real news for everyone

വന്ദേ ഭാരതിലെ ഗണഗീത വിവാദം: നടപടിയെ ഭയപ്പെടുന്നില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍

SHARE THIS ON

കൊച്ചി: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എളമക്കര സരസ്വതി വിദ്യാനികേതന്‍. കുട്ടികള്‍ പാടിയത് ദേശഭക്തിഗാനമാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെ.പി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നടപടി അപലപനീയം. സ്‌കൂളിനെതിരേ നടപടിയുണ്ടാകുമെന്ന് പറഞ്ഞാൽ ഭയപ്പെടില്ല. ഇതിന്റെ പേരിൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായാൽ നിയമപരമായി തന്നെ നേരിടുമെന്നും പ്രിൻസിപ്പൽ പറഞ്ഞു

ഒരു മീഡിയയുടെ ആവശ്യപ്രകാരമാണ് കുട്ടികള്‍ പാടിയത്. ആദ്യം പാടിയത് വന്ദേ മാതരമാണ്. പിന്നീട് മലയാളം പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോഴാണ് ഗണഗീതം ആലപിക്കുന്നത്. ഗണഗീതത്തില്‍ എവിടെയാണ് ദേശവിരുദ്ധതയുള്ളത്. നമ്മളെല്ലാം ഒറ്റമനസ്സായി നില്‍ക്കണം എന്നാണ് സന്ദേശം-പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!