KSDLIVENEWS

Real news for everyone

തിരുവനന്തപുരത്തെ സീറ്റ് വിഭജനത്തിൽ എൻഡിഎയിൽ ഭിന്നത; 20 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ BDJS

SHARE THIS ON

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ എന്‍ഡിഎയില്‍ ഭിന്നത. സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടമാക്കി ബിഡിജെഎസ് രംഗത്തെത്തി. ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതാണ് അതൃപ്തിക്ക് കാരണം. ഇതോടെ 20 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആലോചിക്കുന്നതായി ബിഡിജെഎസ് ജില്ലാ നേതൃത്വം അറിയിച്ചു. ബിജെപി മുന്നണി മര്യാദ കാണിക്കാതെ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെന്നും ബിഡിജെഎസ് കുറ്റപ്പെടുത്തി.

ആദ്യഘട്ട പട്ടിക പുറത്തുവന്നപ്പോള്‍ ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകളിലടക്കം ബിജെപി സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ തിങ്കളാഴ്ച 20 സീറ്റുകളില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചത്. മുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടിയായ ബിഡിജെഎസിന് കഴിഞ്ഞതവണ ഒരു സീറ്റ് മാത്രമാണ് അനുവദിച്ചിരുന്നത്. ഇത്തവണയും ആദ്യഘട്ട പട്ടികയില്‍ പരിഗണിച്ചില്ല.

67 അംഗ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റുമായ പദ്മിനി തോമസ്, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ ഉള്‍പ്പെടെ മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കെ. മഹേശ്വരന്‍ നായര്‍, തമ്പാനൂര്‍ സതീഷ് എന്നിവരും മത്സരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!