KSDLIVENEWS

Real news for everyone

അമിത് ഷായുടെ ചർച്ചയിലും തീർപ്പായില്ല; കേന്ദ്രവുമായി ഇനി ചർച്ചയ്ക്കില്ലെന്ന് കർഷകനേതാക്കൾ

SHARE THIS ON

ന്യൂഡൽഹി : കർഷകസംഘടനകളുടെ ഭാരത്‌ ബന്ദിൽ പല സംസ്ഥാനങ്ങളിലും റെയിൽ, റോഡ് ഗതാഗതം സ്തംഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച വൈകീട്ട് 15-ഓളം കർഷകസംഘടനാ നേതാക്കൾ ചർച്ച നടത്തിയെങ്കിലും കാർഷികനിയമങ്ങളിലെ ന്യായീകരണങ്ങൾ കേന്ദ്രം ആവർത്തിച്ചതിനാൽ വിഷയത്തിൽ ഇനി ചർച്ചയ്ക്കില്ലെന്ന് നേതാക്കൾ അറിയിച്ചു.
നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം ഉറപ്പു നൽകാത്തതിനാൽ കൃഷിമന്ത്രി ബുധനാഴ്ച വിളിച്ച ആറാംവട്ട ചർച്ചയിൽ പങ്കെടുക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. അതേസമയം, കർഷകരോഷം തിളച്ച പഞ്ചാബിലും ഹരിയാണയിലും ബന്ദിനെത്തുടർന്ന് ജനജീവിതം നിശ്ചലമായി. ബന്ദ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും രാജസ്ഥാനിലെ ജയ്‌പുരിൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ (എ.എ.പി.) പ്രകടനത്തെ പോലീസ് നേരിട്ടതും സംഘർഷമുണ്ടാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡൽഹി പോലീസ് പ്രതികരിച്ചു.
ഡൽഹി-ഹരിയാണ അതിർത്തിയിലെ ഗുഡ്ഗാവിനടുത്ത് ബിലാസ്‌പുരിൽ പ്രതിഷേധിച്ച കിസാൻസഭ ജോയന്റ് സെക്രട്ടറി കെ.കെ. രാഗേഷ് എം.പി., ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജോയന്റ് സെക്രട്ടറി വിക്രം സിങ് തുടങ്ങി ഇരുനൂറിലേറെപ്പേരെ അറസ്റ്റുചെയ്തു നീക്കി. കാൻപുരിൽ സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലിയെ യു.പി. പോലീസ് വീട്ടുതടങ്കലിലാക്കി. രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് ശിവകുമാർ കക്കാജി, തമിഴ്‌നാട്ടിലെ കർഷകസമരനായകൻ അയ്യാക്കണ്ണ് എന്നിവരെയും ഡൽഹിയിൽ അറസ്റ്റു ചെയ്തു. നേതാക്കളെയെല്ലാം പിന്നീട് വിട്ടയച്ചു.
പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളിലായിരുന്നു റെയിൽ ഉപരോധം. പതിവിനു വിപരീതമായി രാജ്യതലസ്ഥാനമായ ഡൽഹിയിൽ ബന്ദ് ഭാഗികമായി പ്രകടമായി. എന്നാൽ, നഗരമധ്യത്തിലെ കൊണാട്ട്‌പ്ലേസിൽ കടകളും സ്ഥാപനങ്ങളുമെല്ലാം തുറന്നുപ്രവർത്തിച്ചു. രാജ്യത്തെ 20,000 കേന്ദ്രങ്ങളിലായി അരക്കോടിപ്പേർ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയും ബന്ദ് ചരിത്രവിജയമാണെന്ന് കിസാൻസഭയും പ്രതികരിച്ചു.
കാർഷികനിയമങ്ങളിൽ ആശങ്കയുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്യാമെന്നും മിനിമം താങ്ങുവില രേഖാമൂലം ഉറപ്പു നൽകാമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വാഗ്ദാനം. എന്നാൽ, നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകസംഘടനകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!