പനിനീരുകൊണ്ടല്ല, വിയര്‍പ്പും കണ്ണീരും ചേര്‍ന്നാണ് വിപ്ളവങ്ങളുണ്ടാകുന്നത്: സിദ്ദു

അമൃത് സർ: പനിനീര് കൊണ്ടല്ല മറിച്ച് ചോരയും വിയർപ്പും കണ്ണീരും കൊണ്ടാണ് വിപ്ലവങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു. ഡൽഹി കേന്ദ്രീകരിച്ച് ദിവസങ്ങളായി വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ കർഷകർ നടത്തി വരുന്ന സമരത്തെ അനുകൂലിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് സിദ്ദു ഇങ്ങനെ കുറിച്ചത്. നേരിനും ന്യായത്തിനുമായി പോരാടുന്ന ഓരോ ഇന്ത്യാക്കാരനും പ്രചോദനമാണ് മഹത്തായ ഈ സമരമെന്നും സിദ്ദു ട്വിറ്റിൽ പറഞ്ഞു.
‘രക്തവും വിയർപ്പും പരിശ്രമവും കണ്ണീരും ചേർന്നാണ് വിപ്ലവങ്ങൾ ഉണ്ടാകുന്നത് അല്ലാതെ പനിനീര് കൊണ്ടല്ല. അനുകരണീയമായ പ്രതിഷേധസമരം നേരിനും നീതിക്കും വേണ്ടി പോരാടുന്ന ഓരോ ഇന്ത്യാക്കാരനും പ്രചോദനമാണ്. കർഷകനിയമങ്ങളിൽ സർക്കാർ തീർച്ചയായും ഭേദഗതി വരുത്തണം. മുറിപ്പെടുത്തിയ കൈകൾ തന്നെ അത് ഭേദമാക്കാനുള്ള ശുശ്രൂഷയും നൽകണം. പ്രയോജനശൂന്യമായ നിയമങ്ങൾ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും നീചമായ ശൈലിയാണ്’. സിദ്ദു ട്വീറ്ററിൽ പ്രതികരിച്ചു.
രാജ്യത്തെ ചില വ്യവസായ പ്രമുഖർക്ക് വേണ്ടി പഞ്ചാബിലെ രണ്ട് കോടി കർഷകരുടെ ഉപജീവനം കേന്ദ്ര സർക്കാർ തകർക്കുകയാണെന്ന് മറ്റൊരു ട്വീറ്റിൽ സിദ്ദു കുറിച്ചു. ജാതിയ്ക്കും വർണത്തിനും കുലത്തിനും അതീതമായി രാജ്യത്തെ ഒന്നടങ്കം ഒരുമിപ്പിക്കാൻ കർഷകസമരത്തിന് സാധിച്ചുവെന്നും സിദ്ദു പറഞ്ഞു.