KSDLIVENEWS

Real news for everyone

കോവിഡ് ടെസ്റ്റ് റിസൽറ്റ് കിട്ടാൻ കാത്തിരിക്കേണ്ടത് 7 ദിവസം വരെ

SHARE THIS ON

കാസർകോട് ∙ 30 നു കാസർകോട് ജനറൽ ആശുപത്രി കേന്ദ്രത്തിൽ സ്രവം പരിശോധനയ്ക്കു നൽകിയ ടാക്സി ഡ്രൈവർക്കു ഫലം കിട്ടിയത് 7 ദിവസം കഴിഞ്ഞ്. അണ്ടർ പ്രോസസിങ് എന്ന മറുപടിയാണു സൈറ്റിൽ കിട്ടിയിരുന്നത്. അധികൃതരുടെ ശ്രദ്ധയി‍ൽപ്പെടുത്തിയപ്പോൾ റിപ്പോർട്ട് പ്രിന്റൗട്ട് സഹിതം നേരിട്ടു ലഭിച്ചു. സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ മുഖേനയുള്ള ആർടിപിസിആർ പരിശോധന ഫലം കിട്ടാൻ ഒരാഴ്ച കഴിയുന്നുവെന്ന പരാതി ജില്ലയിൽ വ്യാപകമായിരിക്കുകയാണ്. 2 ദിവസത്തിനുള്ളിൽ കിട്ടിയിരുന്ന ഫലം രണ്ടാഴ്ച മുൻപു വരെ 3 മുതൽ 4 ദിവസമായി മാറി. പിന്നീട് പലർക്കും 7 ദിവസമായിട്ടും കിട്ടുന്നില്ലെന്നാണു പരാതി.

ഒന്നിച്ചു ജോലി ചെയ്ത കേന്ദ്രത്തിൽ സഹപ്രവർത്തകർക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടർന്നു ക്വാറന്റീനിൽ ആയ സർക്കാർ ജീവനക്കാരന് 4 ദിവസം കഴിഞ്ഞാണ് ഫലം കിട്ടിയത്. കോവിഡ് ലക്ഷണമുള്ളവർ രോഗമുണ്ടോ എന്നറിയാൻ പരിശോധിക്കുന്നതിനു പുറമേ കർണാടകയിലേക്കു പ്രവേശിക്കുന്നവർക്കും അതിർത്തി അടക്കാൻ ആർടിപിസിആർ നിർബന്ധമാക്കിയതാണ് പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണം വർധിപ്പിക്കുന്നത്. റിപ്പോർട്ട് കിട്ടാൻ വൈകുന്നത് ആശുപത്രി അധികൃതർക്കും ലാബ് അധികൃതർക്കും ഒരു പോലെ തലവേദന സൃഷ്ടിക്കുന്നുണ്ട്.

ആരോഗ്യപ്രവർത്തകരെ പിരിച്ചുവിട്ടു, 3 ലാബുകളും പൂട്ടി

ജില്ലയിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ മുഖേന നൽകുന്ന സ്രവം പെരിയയിൽ കേന്ദ്രസർവകലാശാല ആർടിപിസിആർ ലാബിൽ നിന്നാണു പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്. നേരത്തെ കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മംഗൽപാടി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ സ്പൈസ് ജെറ്റ് മുഖേനയുള്ള മൊബൈൽ ലാബും ഉണ്ടായിരുന്നു. കോവിഡ് കുറഞ്ഞതും കരാർ കാലാവധി കഴിഞ്ഞതും കാരണം ആ ലാബുകൾ ഒരു മാസം മുൻപ് ഒഴിവായി. ഇതിനിടയിൽ പെരിയയിൽ കേന്ദ്രസർവകലാശാല ലാബിൽ നിയോഗിച്ച ആരോഗ്യപ്രവർത്തകരെ പിരിച്ചുവിട്ടതാണ് പ്രതിസന്ധി കടുപ്പിച്ചത്.

പകരം നിയമനം കിട്ടിയവരുടെ പരിശീലനം കഴിഞ്ഞതേയുള്ളൂ. പരിശോധന കഴിഞ്ഞ് ഉപേക്ഷിച്ച പിപി കിറ്റ് അടക്കമുള്ള ഖരമാലിന്യങ്ങൾ നീക്കം ചെയ്യാതെ ഒരാഴ്ച പിന്നിട്ടു. ഐഎംഎ ഇമേജ് മുഖേനയായിരുന്നു ഇത് എടുത്തിരുന്നത്. കോവിഡ് പ്രതിരോധ നടപടികളെ നയിക്കുന്ന ഉന്നത അധികൃതരുടെ ഭാഗത്തു നിന്നു ശക്തമായ ഇടപെടലും ഏകോപനവും ഇല്ലാത്തതും ലാബ് പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതിനു തടസ്സം ഉണ്ടാക്കുന്നതായി പൊതുജനങ്ങളിൽ നിന്നുൾപ്പെടെ പരാതിയുണ്ട്.

സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നവർ കൂടി

സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സ്രവം പരിശോധനയ്ക്കു നൽകി റിപ്പോർട്ട് കിട്ടാൻ വൈകുന്നതു കാരണം സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണം വർധിച്ചു. 500 രൂപയാണ് നിരക്ക് എങ്കിലും ചില ലാബുകളിൽ 700 രൂപ വരെ വാങ്ങുന്നു. ഇവിടെ 5 –10 മണിക്കൂറിനകം ഫലം കിട്ടുന്നുണ്ടെങ്കിലും സാധാരണക്കാർക്കു താങ്ങാൻ കഴിയാത്തതാണു നിരക്ക്.

പെരിയയിലെ കേരള കേന്ദ്ര സർവകലാശാലാ ലാബിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു പതിവു പരിശോധന. ചില ദിവസങ്ങളിൽ പുലർച്ചെ 3 വരെ നീളും പരിശോധന. ദിവസവും 800 പേരുടെ ഫലം പരിശോധിച്ചു റിപ്പോർട്ട് നൽകുന്നുണ്ട്. റിപ്പോർട്ട് കിട്ടാൻ 7 ദിവസം വേണ്ടി വരുന്നുവെന്ന ആരോപണം ശരിയല്ല. സാങ്കേതികത്വമാകാം അതിനു കാരണം. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 3 ലക്ഷത്തിലേറെ പേരുടെ ആർടിപിസിആർ പരിശോധന ഇവിടെ നടത്തിയിട്ടുണ്ട്. സർവകലാശാലയിലെ ജോലികൾക്കും ഗവേഷണ പഠനത്തിനും ഇടയിലാണ് അധ്യാപകരും വിദ്യാർഥികളും ലാബിലും സേവനം നടത്തുന്നത്. സർവകലാശാലയിലെ റിസർച് സ്കോളർമാരും ഗവേഷണം കഴിഞ്ഞിറങ്ങിയവരും ഉൾപ്പെടെ രാപകൽ സേവനം ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പ് പിരിച്ചുവിട്ട ജീവനക്കാർക്കു പകരം നിയോഗിച്ച ടെക്നിഷ്യന്മാരുടെ പരിശീലനം പൂർത്തിയായതേയുള്ളൂ. ഇതിന്റെ അസൗകര്യം റിപ്പോർട്ട് വേഗം കിട്ടുന്നതിനു സാങ്കേതികമായി താമസം ഉണ്ടാക്കുന്നുണ്ട്.
ഡോ.രാജേന്ദ്ര പിലാൻകട്ട, കേരള കേന്ദ്ര സർവകലാശാല ബയോകെമിസ്ട്രി ആൻഡ് മോളികുലാർ ‌ബയോളജി വിഭാഗം മേധാവി,കോവിഡ് 19 ആർടിപിസിആർ ലാബ് ഇൻചാ‍ർജ്

ആർടിപിസിആർ റിപ്പോർട്ട് കിട്ടാൻ വൈകുന്നുവെന്ന പരാതികൾ പരിശോധിച്ചു പരിഹരിക്കാൻ ആവശ്യമായ നടപടിയെടുക്കും.
കെ.ആർ.രാജൻ,ജില്ലാ മെഡിക്കൽ ഓഫിസർ

കർണാടകയിൽ കടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സാഹചര്യത്തിൽ കോവിഡ് പരിശോധന റിപ്പോർട്ട് കിട്ടാൻ 7 ദിവസം വരെ കാത്തുനിൽക്കുകയെന്നത് വല്ലാത്ത ദുരിതമാണ്. കോവിഡ് അതിവ്യാപന കാലത്ത് ഉപജീവന മാർഗം പോലും തടസ്സപ്പെട്ടവരാണ് ടാക്സി ഡ്രൈവർമാർ. ആർടിപിസിആർ പരിശോധനയ്ക്കു സ്വകാര്യ ലാബുകളെ ആശ്രയിക്കുകയെന്നത് അധിക ബാധ്യതയാകുന്നത് താങ്ങാൻ കഴിയില്ല
നാഗേഷ പി. ചേനക്കോട്, ടാക്സി ഡ്രൈവർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!