കലോത്സവത്തിലൂടെ സിനിമയിലെത്തിയ താരം വിദ്യാര്‍ത്ഥികളെ നൃത്തം പഠിപ്പിക്കാനായി ചോദിച്ചത് 5 ലക്ഷം; നടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാൻ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി.
കലോത്സവങ്ങളിലൂടെ പേരെടുത്തവർ കുറച്ചു സിനിമയും കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.
നടിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം. ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്നാണ് നടിയോട് ചോദിച്ചത്. അവർ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ 5 ലക്ഷം രൂപയാണ് നടി പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും ശിവൻ കുട്ടി പറഞ്ഞു.
ഇത്രയും വലിയ തുക നല്കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചെന്നും. സാമ്ബത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകർ നിരവധിയുണ്ടെന്നും അവരെ ഉപയോഗിച്ച് പഠിപ്പിക്കാൻ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതു കാരണമാണ് സിനിമയിലെത്തുന്നത്. ഇത്തരക്കാർ പിൻതലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു.

