തീരാ വേദനകള്‍ക്ക് വിട; വയനാട് ഉരുൾ ദുരന്തത്തിൽ വീടും ഉറ്റവരും നഷ്ടപ്പെട്ട ശ്രുതി ഇന്ന് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരി

കല്‍പ്പറ്റ: വയനാട് ഉരുള്‍ ദുരന്തത്തില്‍ വീടും ഉറ്റവരും, പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയില്‍ പ്രവേശിക്കും.
രാവിലെ 10 മണിയോടെ കലക്ടറേറ്റില്‍ എത്തി റവന്യു വകുപ്പില്‍ ക്ലർക്കായി ചുമതലയേല്‍ക്കും. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് റവന്യു വകുപ്പില്‍ നിയമനം നല്‍കിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജോലിയില്‍ പ്രവേശിക്കുന്ന ശ്രുതിയെ ടി.സിദീഖ് എം.എല്‍.എ ഇന്നലെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന് ജെന്‍സണെയും വാഹനാപകടത്തില്‍ നഷ്ടമായി.
വയനാട് കല്പറ്റയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് നാടിന്റെ പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ജെന്സണ് വിടപറഞ്ഞത്. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം. ഇതോടെ, ശ്രുതിയെ അറിഞ്ഞ ഓരോ മനുഷ്യന്റെയും ഉള്ളിലെ നീറുന്ന പേരാണ് ശ്രുതി.
തന്റെ കുടുംബം സ്വപ്നം കണ്ട ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് എന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. കൂടെയുണ്ടാവേണ്ടവർ ഒപ്പമില്ലെന്ന ദു:ഖമുണ്ട്… മുന്നോട്ട് ജീവിക്കാനുള്ള കൈതാങ്ങാണിത്. മുന്നോട്ട് പോവുക. സർക്കാർ വാക്ക് പാലിച്ചതില്‍ സന്തോഷമുണ്ട്… എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ശ്രുതി പറഞ്ഞു.

