KSDLIVENEWS

Real news for everyone

ജമാഅത്തെ ഇസ്ലാമിയുമായി ഒരിക്കലും ഒത്തുപോകില്ല: തിരഞ്ഞെടുപ്പ് കഴിഞ്ഞും ഇവിടെ ജീവിക്കണമല്ലോ; കെ.എം. ഷാജി

SHARE THIS ON


കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്കെതിരായ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും ആശയങ്ങൾ ഒരിക്കലും ഒരുമിച്ച് പോവില്ലെന്നും അവരുമായുള്ള അഭിപ്രായ വ്യത്യാസം ആഗോള തലത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ജില്ലാ തലത്തില്‍ പോലും ചര്‍ച്ച നടത്തിയിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും അത്തരത്തിലുള്ള ഒരു ധാരണയും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാറിനെതിരെ ജമാഅത്തും ആര്‍എസ്എസും ചിലപ്പോള്‍ വോട്ട് നല്‍കുമെന്നും അങ്ങിനെയുള്ള വോട്ട് അരിപ്പവെച്ച് അരിക്കാന്‍ കഴിയില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

‘വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് നിരന്തരം പറയുന്നത് മുഖ്യമന്ത്രിയുടെ കോംപ്ലക്‌സിന്റെ കുഴപ്പമാണ്. ഇവിടുത്തെ ഭൂരിപക്ഷ വോട്ടുകളെ ടാര്‍ഗറ്റ് ചെയ്യുക എന്നത് ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടങ്ങിയത്. അത് അയ്യപ്പന്‍ പൊളിച്ചു കൊടുത്തു. ശബരിമല സ്വര്‍ണ്ണക്കൊള്ളയോടെ ആ തന്ത്രം തകര്‍ന്നു. വീണ്ടും മലബാറില്‍ വന്ന് മുസ്ലിം വോട്ടുകളില്‍ എങ്ങനെ ഒരു പോളറൈസേഷന്‍ ഉണ്ടാക്കാം എന്ന ആലോചനയിലാണ് മുഖ്യമന്ത്രി.’ കെ എം ഷാജി പറഞ്ഞു.

‘വെല്‍ഫയര്‍ പാര്‍ട്ടി ഒരിക്കലും യുഡിഎഫുമായി ധാരണയുള്ള കക്ഷിയല്ല. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിരുദ്ധമായ പൊതുവികാരം ഉണ്ട്. ആ വികാരത്തിന്റെ ഭാഗമായി വോട്ട് ചെയ്യുന്നവരെയൊന്നും യുഡിഎഫ് വിലക്കാന്‍ പോകുന്നില്ല. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേരളത്തിലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല. അന്താരാഷ്ട്ര തലത്തില്‍തന്നെ ഞങ്ങള്‍ക്ക് ആശയപരമായി വ്യത്യാസമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ആ ഡിബേറ്റുകള്‍ തുടരും, ഒരു തിരഞ്ഞെടുപ്പില്‍ അവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തതുകൊണ്ട് അവരെ നന്നാക്കി പറയുന്ന പിണറായി വിജയന്റെ സ്വഭാവമൊന്നും ഞങ്ങള്‍ക്കില്ല.’ ഷാജി പരിഹസിച്ചു. ഒരിക്കലും ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളുമായി സമരസപ്പെടില്ല. അവരുമായുള്ള ആശയപോരാട്ടം തുടരും. കേരളത്തില്‍ ഇടതുപക്ഷം ഉണ്ടാക്കിവെച്ച ഒരു പ്രതിസന്ധിയുണ്ട്, ആ പ്രതിസന്ധിയില്‍നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ആ കൂട്ടത്തില്‍ വരുന്നവരെ ഒരു വിഭാഗം ജമാഅത്തെ എന്നോ, അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടി എന്നോ അരിപ്പ വെച്ച് നോക്കേണ്ടതില്ല.’

‘മുഖ്യമന്ത്രിക്ക് പറയാന്‍ രാഷ്ട്രീയമില്ല. ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം കളിച്ച കളികള്‍. തൃശ്ശൂരില്‍ ബിജെപി ട്രെയിനിങ് വരെ നടത്തി അതു മുതലാക്കാം എന്നായിരുന്നു ധാരണ. എന്നാല്‍ അത് ബിജെപിയുടെ കയ്യില്‍നിന്നും പിണറായിയുടെ കയ്യില്‍നിന്നും പോയി. ആ പശ്ചാത്തലത്തില്‍ മലബാറിലെ മുസ്ലിം വോട്ടില്‍ വീണ്ടും ഭിന്നിപ്പ് ഉണ്ടാക്കുകയാണ് പിണറായി വിജയന്‍. അതി ദരിദ്ര മുക്ത കേരളം എന്നു പറയുന്നത് മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവനയാണ്‌. അങ്ങനെയൊരു പ്രസ്താവന നടത്താനുള്ള തൊലിക്കട്ടി ഇന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാര്‍ക്ക് ഇല്ലാത്തതുകൊണ്ടും പച്ചയ്ക്ക് നുണ പറയാന്‍ പിണറായി വിജയനെ കഴിഞ്ഞ് വേറൊരാള്‍ ഇല്ലാത്തതുകൊണ്ടും ലോകത്ത് കേരളം തന്നെയാണ് വ്യത്യസ്തമായി നില്‍ക്കുന്നത്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കേരളം സ്വര്‍ഗമായി എന്നാണ് പിണറായി വിജയന്‍ പറയുന്നത്. നിരീശ്വരവാദിയായതിനാല്‍ സ്വര്‍ഗ്ഗവും നരകവും എന്താണെന്ന് മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടില്ല, എന്നാല്‍ അത് അനുഭവിക്കുന്ന ജനങ്ങള്‍ക്കറിയാം ഇത് നരകം ആണെന്ന്.’ വോട്ടെണ്ണുമ്പോള്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാവും എന്നും കെ.എം. ഷാജി പറഞ്ഞു.

‘വര്‍ഗീയ വോട്ട് വേണ്ട എന്ന എന്റെ നിലപാടില്‍ മാറ്റമില്ല. അത് അങ്ങനെ നിസ്സാരമായി മാറ്റാവുന്ന, തമാശയ്ക്ക് മാറ്റാവുന്ന നിലപാട് അല്ല. ഇന്ന വോട്ട് വേണ്ടെന്ന് പേരെടുത്ത് പറയേണ്ട ഘട്ടം വന്നാല്‍ ഇനിയും അത് പറയും. ഞാന്‍ വര്‍ഗീയതക്കെതിരാകുന്നത് ജനങ്ങളെ ബോധ്യപ്പെടുത്താനോ വോട്ട് കിട്ടാനോ അല്ല, അതെന്റെ മനസ്സാക്ഷിയുടെയും ധാർമ്മികതയുടെയും പ്രശ്‌നമാണ്. അതുകൊണ്ട് ആ നിലപാട് മാറ്റുന്ന പ്രശ്‌നമില്ല.’ കെ.എം. ഷാജി വ്യക്തമാക്കി.

‘വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ട് വാങ്ങാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടില്ല. ഭരണവിരുദ്ധ വോട്ട് ആണ് യുഡിഎഫ് വാങ്ങുന്നത്. അതില്‍ വെല്‍ഫെയറിന്റെ വോട്ട് ഉണ്ടെങ്കില്‍ അത് സ്വാഭാവികം. ആര്‍എസ്എസിന്റെ വോട്ട് ഉണ്ടെങ്കിലും സ്വാഭാവികം. യുഡിഎഫ് കേന്ദ്രീകൃതമായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായോ ജമാഅത്തെ ഇസ്ലാമിയുമായോ സഖ്യം ഉണ്ടാക്കിയിട്ടില്ല. ഞങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് അത് ഉണ്ടാവുകയുമില്ല. നിയമസഭയിലും അത് ഉണ്ടാവില്ല. നിയമസഭ എന്നത് അടുത്ത തിരഞ്ഞെടുപ്പ് ആണ്, അത് കഴിഞ്ഞിട്ടും നമുക്കിവിടെ ജീവിക്കണമല്ലോ.’ കെ.എം. ഷാജി പറഞ്ഞു.

ഖാഇദെ മില്ലത്ത് ഉണ്ടാക്കിയ മുസ്ലിം ലീഗിന് അകത്ത് വേറൊരു പാര്‍ട്ടി ഉണ്ടാക്കിയിട്ട് ഞങ്ങള്‍ ഭയങ്കരമായി മാറി, ഞങ്ങള്‍ അങ്ങനെയല്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അതുപോലെയാണ് ജമാഅത്തെ ഇസ്ലാമി മാറി എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!