തദ്ദേശപ്പോര്; ആദ്യ ഘട്ടത്തില്‍ ഏഴുപത് കടന്ന് പോളിങ്

സംസ്ഥാനത്ത് ആദ്യ ഘട്ടതിരഞ്ഞെടുപ്പ് സമയം അവസാനിച്ചു. ഏഴ് ജില്ലകളിലായി ശരാശരി 70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.
എറണാകുളം ജില്ലയാണ് പോളിങ് ശതമാനത്തിലും വോട്ടുകളുടെ എണ്ണത്തിലും മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരമാണ് ശതമാനക്കണക്കില്‍ ഏറ്റവും പിന്നിലുള്ളത്.
രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്ങാണ് വിവിധ ജില്ലകളില്‍ രേഖപ്പെടുത്തിയത്. ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടന്നത്. രുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.
എറണാകുളം ജില്ലയിലെ പോളിങ് ബൂത്തില്‍ നിന്നുള്ള ദൃശ്യം (Photo Credit- PRD)
ഏഴ് ജില്ലകളിലായി 62.51 ലക്ഷം പുരുഷന്മാരും 70.32 ലക്ഷം സ്ത്രീകളും 126 ട്രാൻസ്ജെൻഡറുകളും ഉള്‍പ്പെടെ 1.32 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,293 പ്രവാസി വോട്ടർമാരും വോട്ട് ചെയ്യും. ഒന്നാംഘട്ടത്തില്‍ 471 ഗ്രാമപഞ്ചായത്തുകളിലെ 8,310 വാർഡുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകളിലെ 1090 ബ്ലോക്ക് ഡിവിഷനുകള്‍, ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 164 ഡിവിഷനുകള്‍, 39 മുനിസിപ്പാലിറ്റികളിലെ 1371 വാർഡുകള്‍, മൂന്ന് കോർപ്പറേഷനുകളിലെ 233 വാർഡുകള്‍ എന്നിങ്ങനെ ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് വോട്ടെടുപ്പ്.

