KSDLIVENEWS

Real news for everyone

കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണത്തിന് സമാപനം; തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ വ്യാഴാഴ്ച ബൂത്തിലേക്ക്

SHARE THIS ON

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ആവേശംനിറഞ്ഞ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണത്തിന് പരിസമാപ്തി കുറിച്ചത്. ഇനി ഒരുദിവസം നിശബ്ദപ്രചാരണം. ഡിസംബർ 11 വ്യാഴാഴ്ച തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലെ വോട്ടര്‍മാര്‍ വിധിയെഴുതും.

കൊട്ടിക്കലാശത്തിനിടെ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ പ്രചാരണവാഹനം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞെന്ന് ആരോപിച്ചാണ് തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. കാസര്‍കോട് തൃക്കരിപ്പൂര്‍ ടൗണില്‍ എല്‍ഡിഎഫ്-യുഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

രണ്ടാംഘട്ടത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴിന് വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 182, മുനിസിപ്പാലിറ്റി വാര്‍ഡ് – 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് – 188) വോട്ടെടുപ്പ് നടക്കുന്നത്.

ആകെ 15337176 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ – 7246269, സ്ത്രീകള്‍ – 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ – 161). 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്.

ആകെ 38994 സ്ഥാനാര്‍ത്ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്ക് 28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.

രണ്ടാംഘട്ടത്തില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി (തൃശൂര്‍- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട് 189, കണ്ണൂര്‍- 1025 , കാസര്‍ഗോഡ്- 119) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 18274 കണ്‍ട്രോള്‍ യൂണിറ്റും 49019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വ്വായി കരുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!