KSDLIVENEWS

Real news for everyone

ഏഴു ദിവസം ക്വാറന്റീൻ: പ്രതിഷേധവുമായി പ്രവാസി മലയാളികൾ.

SHARE THIS ON



തിരുവനന്തപുരം∙ ഇന്ത്യയിലെത്തുന്ന എല്ലാ പ്രവാസികളും ഏഴു ദിവസം ക്വാറന്റീനിൽ കഴിയണമെന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നയത്തിനെതിരെ പ്രതിഷേധവുമായി ഗൾഫിലെ പ്രവാസി മലയാളികൾ. മൂന്നും നാലും ഡോസ് വാക്സീൻ സ്വീകരിച്ചശേഷം നാട്ടിലേക്കു ചെറിയ അവധിക്കെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ നിർബന്ധമാക്കരുതെന്നാണ് അഭ്യർഥന. പ്രവാസി വിരുദ്ധ നിലപാട് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു പ്രവാസി ലീഗൽ സെൽ വ്യക്തമാക്കി.
ഒമിക്രോൺ പശ്ചാത്തലത്തിൽ ലോ റിസ്ക് രാജ്യങ്ങളുടെ പട്ടികയിലാണ് ആറു ഗൾഫ് രാജ്യങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ നിർദേശമനുസരിച്ച് കേരളത്തിലേക്കെത്തുന്ന എല്ലാ പ്രവാസികൾക്കും ഏഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. ചെറിയ അവധികൾക്കായി നാട്ടിലേക്കു വരുന്ന പ്രവാസികൾക്ക് ഈ തീരുമാനം തിരിച്ചടിയാണ്. ബൂസ്റ്റർ ഡോസ് ഉൾപ്പെടെ മൂന്നും നാലും ഡോസ് വാക്സീൻ സ്വീകരിച്ചവരാണ് ഗൾഫിലെ പ്രവാസികൾ. ഒപ്പം യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് നാട്ടിലേക്ക് വരുന്നത്.

കേരളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ജനം കൂട്ടം കൂടുന്ന സാഹചര്യമുണ്ടായിട്ടും അതൊന്നും ഒഴിവാക്കാതെ പ്രവാസികളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിവിധ പ്രവാസി സംഘടനകളുടെ നിലപാട്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് ജോസ് അബ്രഹാം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നിവേദനം നൽകി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. ഗൾഫിൽ നിന്നുള്ള പ്രവാസികൾക്ക് ക്വാറന്റീൻ ഒഴിവാക്കാൻ മുഖ്യമന്ത്രി, എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇടപെടണമെന്നാണ് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!