ഡ്രൈവിങ്ങ് സീറ്റില്‍ വധു, തൊട്ടരികില്‍ വരന്‍; ടാങ്കര്‍ ലോറിയില്‍ മനസ്സമ്മത വിരുന്നിനെത്തി ഡെലീഷ്യ
കാഞ്ഞാണി: കാരമുക്കിലെ കുറ്റൂക്കാരന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ മനസ്സമ്മതക്കല്യാണ വേദിയ്ക്കരികിലേക്ക് ടാങ്കര്‍ ലോറിയെത്തി. ഡ്രൈവിങ് സീറ്റില്‍ വധു. കാബിനില്‍ തൊട്ടരികില്‍ വരന്‍. പിന്നെ വാദ്യഘോഷത്തോടെ സ്വീകരണം. കാരമുക്ക് പള്ളിക്കുന്നത്ത് ഡെലീഷ്യയാണ് വരന്‍ ഹാന്‍സണെ ലോറിക്യാബിനിലിരുത്തി മനസ്സമ്മത വിരുന്നിലേക്കെത്തിയത്. ടാങ്കര്‍ ലോറി ഓടിച്ച് വാര്‍ത്തകളിലിടം പിടിച്ച ഈ എം.കോം.കാരി ദുബായില്‍ 18 ചക്രമുള്ള ടാങ്കറിന്റെ ഡ്രൈവറാണ്. വരന്‍ കാഞ്ഞിരപ്പിള്ളി സ്വദേശി ഹാന്‍സണ്‍ ജര്‍മ്മനിയില്‍ 10 ചക്രമുള്ള വാഹനമാണ് ഓടിക്കുന്നത്. എം.കോം. കാരിയായ പെണ്‍കുട്ടി ടാങ്കര്‍ ഓടിക്കുന്ന വാര്‍ത്ത കണ്ട് ദുബായിലെ കമ്പനിയാണ് ഡെലീഷ്യയ്ക്ക് ജോലി നല്‍കിയത്. വിവാഹ പരസ്യം കണ്ടെത്തിയ ഹാന്‍സണോട് ടാങ്കര്‍ ലോറി ഓടിക്കുന്നത് തുടരാനനുവദിക്കുന്നയാളെ വിവാഹം കഴിക്കുമെന്നാണ് ഡെലീഷ്യ പറഞ്ഞത്. ഹാന്‍സണ്‍ വിരോധമില്ലെന്ന് പറഞ്ഞതോടെ രണ്ടു കുടുംബങ്ങളും ചേര്‍ന്ന് വിവാഹം തീരുമാനിച്ചു. കാരമുക്ക് പള്ളിക്കുന്നത്ത് ഡേവീസിന്റെയും ട്രീസയുടെയും മകളാണ് ഡെലീഷ്യ. കാഞ്ഞിരപ്പിള്ളി സ്വദേശി മാലോത്ത് പരേതനായ മാത്യുവിന്റെയും ഇത്ത അമ്മയുടെയും മകനാണ് ഹാന്‍സണ്‍. ശനിയാഴ്ച വടക്കേ കാരമുക്ക് സെയ്ന്റ് ആന്റണീസ് പള്ളിയിലായിരുന്നു മനസമ്മതക്കല്യാണം നടന്നത്. തിങ്കളാഴ്ച നാലിന് കാഞ്ഞിരപ്പിള്ളി ആനായ്ക്കല്‍ സെയ്ന്റ് ആന്റണീസ് ഇടവക പള്ളിയിലാണ് വിവാഹം.