KSDLIVENEWS

Real news for everyone

ഈ വര്‍ഷത്തെ ഹജ്ജിന് പ്രായപരിധിയില്ല, കോവിഡിന് മുമ്പുള്ള തീര്‍ത്ഥാടകരുടെ എണ്ണം തിരികെ കൊണ്ടുവരും -ഹജ്ജ് മന്ത്രി

SHARE THIS ON

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് നിരവധി തീരുമാനങ്ങള്‍ സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അല്‍ റബിഅ പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിക്ക് മുമ്ബുണ്ടായിരുന്ന അവസ്ഥയിലേക്ക് ഹജ്ജ് തിരികെ പോവുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഓരോ രാജ്യങ്ങള്‍ക്കും മുമ്ബുണ്ടായിരുന്ന തീര്‍ത്ഥാടകരുടെ എണ്ണം പുനഃസ്ഥാപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഹജ്ജ് നിര്‍വഹിക്കാനുള്ള യോഗ്യത മാനദണ്ഡമായി വെച്ചിരുന്ന 65 വയസ് എന്ന പ്രായപരിധി ഈ വര്‍ഷം മുതല്‍ ഇല്ല. ഏത് പ്രായക്കാര്‍ക്കും ഹജ്ജ് നിവഹിക്കാം. ജിദ്ദയില്‍ നടക്കുന്ന ‘ഹജ്ജ് എക്സ്പ്പോ’ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹജ്ജ് തീര്‍ത്ഥാടകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തുക 109 റിയാലില്‍ നിന്ന് 29 റിയാലായും ഉംറ തീര്‍ത്ഥാടകരുടെ ഇന്‍ഷുറന്‍സ് പോളിസി 235 റിയാലില്‍ നിന്ന് 88 റിയാലായും കുറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉംറ വിസ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ടെന്നും ഉംറ വിസയുള്ള ഏതൊരു സന്ദര്‍ശകനും രാജ്യത്തെ ഏത് നഗരവും സന്ദര്‍ശിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള വിസയുമായി സൗദിയിലെത്തുന്ന ഏതൊരു സന്ദര്‍ശകനും ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും ഇപ്പോള്‍ അവസരമുണ്ട്. ഈ വര്‍ഷം മുതല്‍ ഏത് രാജ്യത്തെയും ഹജ്ജ് മിഷന്‍ ഓഫീസുകള്‍ക്ക്, തങ്ങളുടെ തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗദിയിലെ ഏതെങ്കിലും ലൈസന്‍സുള്ള കമ്ബനികളുമായി കരാറില്‍ ഏര്‍പ്പെടാന്‍ അനുവദിക്കും.

ചരിത്രത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ പദ്ധതിയായി മക്കയിലെ മസ്ജിദുല്‍ ഹറാം വിപുലീകരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി ഇതിനോടകം 20,000 കോടി റിയാലിലധികം രാജ്യം നിക്ഷേപിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 4,000 കോടി റിയാല്‍ ചിലവഴിച്ച്‌ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തെ വികസിപ്പിച്ചു. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിനിന്റെ നിര്‍മ്മാണത്തിന് 6,400 കോടി റിയാലും ചിലവഴിച്ചു. പ്രവാചകന്റെയും അനുചരന്മാരുടെയും ജീവചരിത്രം രേഖപ്പെടുത്തുന്ന 100 വെബ്‌സൈറ്റുകളും 20 പ്രദര്‍ശനങ്ങളും തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി തൗഫീഖ് അല്‍ റബിഅ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!