ഷഹാനയുടെ മരണം: നീതിയില്ലെങ്കില്‍ മരണം വരെ സമരം, കുടുംബം സെക്രട്ടേറിയറ്റിന് മുന്നില്‍

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് ഷഹാനയുടെ മരണത്തില്‍ കുടുംബം നീതി തേടി സമരവുമായി സെക്രട്ടറിയേറ്റിലേക്ക് എത്തി.
നീതി കിട്ടിയില്ലെങ്കില്‍ മരണംവരെ സമരം ചെയ്യുമെന്ന് ഷഹനയുടെ മാതാപിതാക്കള്‍ മീഡിയവണ്ണിനോട് പറഞ്ഞു.
പ്രതികളെ പോലീസ് മനപ്പൂര്‍വ്വം ഒളിപ്പിച്ചിരിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. സാമ്ബത്തികവും രാഷ്ട്രീയവും ആയിട്ടുള്ള സ്വാധീനം ഉപയോഗിക്കുകയാണ് പ്രതികള്‍ എന്നും കുടുംബം പറഞ്ഞു.
ഷഹാന മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഉത്തരവാദികളായവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് സത്യാഗ്രഹ സമരം നടത്തുമെന്ന് നേരത്തെ തന്നെ കുടുംബം അറിയിച്ചിരുന്നു. ഷഹാനയുടെ ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവുമാണ് കേസിലെ പ്രതികള്‍.
ഷഹാനയുടെ കൂടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാൻ പൊലീസ് ഉദ്യോഗസ്ഥൻ സഹായം ചെയ്തതായി സിഐ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ സ്ത്രീധന പീഡന നിയമം ചുമത്താമെന്ന് പൊലീസ് അറിയിച്ചെങ്കിലും ആത്മഹത്യാപ്രേരണ കുറ്റം മാത്രമാണ് ചുമത്തിയത്. ഈ പശ്ചാത്തലത്തിലാണ് നീതി തേടി കുടുംബം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്.
“രണ്ടാഴ്ച കഴിഞ്ഞിട്ടും എന്റെ കുഞ്ഞിന്റെ ഘാതകരെ പിടികൂടാൻ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പിടിക്കുമെന്ന് പറയുന്നതല്ലാതെ നിയമത്തിന് മുന്നില്‍ അവരെ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. പണത്തിന്റെ സ്വാധീനം കൊണ്ടാണ് പ്രതികള്‍ രക്ഷപ്പെടുന്നത്”: ഷഹാനയുടെ മാതാവ് പ്രതികരിച്ചു.
നീതി കിട്ടുമെന്ന വിശ്വാസമില്ലാത്ത കൊണ്ടാണ് സമരത്തിനിറങ്ങിയതെന്ന് ബന്ധുക്കളും പ്രതികരിച്ചു.