രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്: ഖാര്ഗെയും സോണിയയും പങ്കെടുക്കില്ല

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയും പങ്കെടുക്കില്ല. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.
അയാധ്യയിലെ രാമക്ഷേത്രത്തെ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനാണ് ബിജെപിയും ആർഎസ്എസ്സും ഉപയോഗിക്കുന്നതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. മതം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാൽ ബിജെപിയും ആർഎസ്എസ്സും ദീർഘകാലമായി രാമക്ഷേത്രമെന്ന രാഷ്ട്രീയപദ്ധതി തയ്യാറാക്കുകയാണ്. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അതിനാൽ സുപ്രീം കോടതിവിധി മാനിച്ചുകൊണ്ടും രാജ്യത്തെ ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരം മാനിച്ചുകൊണ്ടും ഖാർഗെയും സോണിയയും അധീർ രഞ്ജനും ബഹുമാനത്തോടെ ക്ഷണം നിരസിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ആർ.എസ്സിന്റെയും ബിജെപിയുടെയും ചടങ്ങ് മാത്രമാണിതെന്നും പ്രസ്താവനയിൽ കോൺഗ്രസ് ആരോപിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറിലാണ് മൂന്ന് നേതാക്കളെയും രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകർ ക്ഷണിച്ചത്. എന്നാൽ, ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുക്കാൻ വൈകിയിരുന്നു. മാധ്യമ പ്രവർത്തകർ ഇതുസംബന്ധിച്ച് പലതവണ ചോദ്യം ഉന്നയിച്ചപ്പോഴും ഉചിതമായ സമയത്ത് തീരുമാനമെടുക്കും എന്നാണ് നേതൃത്വം വ്യക്തമാക്കിയിരുന്നത്