KSDLIVENEWS

Real news for everyone

കര്‍ണാടക നിയമസഭയ്ക്ക് മുന്നില്‍ എട്ടംഗ കുടുംബത്തിന്റെ ആത്മഹത്യാശ്രമം

SHARE THIS ON

ബംഗളൂരു: കര്‍ണാടക നിയമസഭയ്ക്ക് മുന്നില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ ജീവനൊടുക്കാൻ ശ്രമിച്ചു. വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് വീട് ലേലം ചെയ്യാനുള്ള ബാങ്കിന്റെ തീരുമാനത്തില്‍ മനംനൊന്താണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. വിധാൻ സൗധയ്ക്ക് പുറത്താണ് വീട്ടുകാര്‍ മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ ഇവരെ കസ്റ്റഡിയിലെടുത്തു.

2016ല്‍ ബാംഗ്ലൂര്‍ സിറ്റി കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് 50 ലക്ഷം രൂപയാണ് ഇവര്‍ വായ്പയെടുത്തത്. 95 ലക്ഷം രൂപ തിരിച്ചടച്ചു. എന്നിട്ടും പലിശയിനത്തിലും മറ്റും കൂടുതല്‍ തുക അടയ്ക്കാനുണ്ടായിരുന്നു. തുടര്‍ന്നാണ്, ബാങ്ക് ഇവരുടെ വീട് ലേലം ചെയ്യാൻ തീരുമാനിച്ചത്. സഹായം തേടി കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാനെ കുടുംബം സമീപിച്ചിരുന്നു. വായ്പാ പലിശ കുറയ്ക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടും തിരിച്ചടവ് തുക കുറയ്ക്കാനാവില്ലെന്ന തീരുമാനത്തില്‍ ബാങ്ക് ഉറച്ചുനില്‍ക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു‌.

മൂന്ന് കോടി രൂപ വിലയുള്ള സ്വത്ത് 1.41 കോടി രൂപയ്ക്ക് ലേലം ചെയ്യാൻ ബാങ്ക് അധികൃതര്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്നാണ് കുടുംബം മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. നിയമസഭാ മന്ദിരത്തിന് മുമ്ബിലേക്ക് വന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നീതി അഭ്യര്‍ത്ഥിക്കാനാണെന്നും സമീര്‍ അഹമ്മദ് ഖാൻ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും നടന്നില്ല എന്നും ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിക്കുമ്ബോള്‍ കുടുംബാംഗങ്ങളിലൊരാള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

സംഭവത്തില്‍ കുടുംബത്തിനെത്തിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 309 വകുപ്പ് പ്രകാരം ആത്മഹത്യാശ്രമത്തിനും 990 വകുപ്പ് പ്രകാരം ആത്മഹത്യയുമായി ബന്ധപ്പെട്ട പൊതു ശല്യം സൃഷ്ടിച്ചതിനുമാണ് കുടുംബത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!