ഫലസ്തീൻ വംശഹത്യയില്‍ ലോക കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയില്‍ ഇസ്രായേല്‍

ഹേഗ്: ഫലസ്തീൻ വംശഹത്യയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയില്‍ ലോക കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയില്‍ ഇസ്രായേല്‍.
ഡിസംബര്‍ 29 ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ കൊടുത്ത കേസിന്റെ വിസ്താരം നാളെ ആരംഭിക്കും. വെള്ളിയാഴ്ചയും വിസ്താരം തുടരും. വിസ്താരത്തിനൊടുവില്‍ വംശഹത്യ അടക്കമുള്ള യുദ്ധം കുറ്റം തെളിഞ്ഞെന്ന ഇടക്കാല ഉത്തരവ് വന്നാല്‍ ലോകത്തിന് മുന്നില്‍ ക്ഷീണമുണ്ടാക്കുമെന്ന ആശങ്ക ഇസ്രായേലിനുണ്ട്.
നയതന്ത്രവും രാഷ്ട്രിയവുമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇസ്രായേലിനൊപ്പമുള്ള രാജ്യങ്ങള്‍ പരസ്യ പിന്തുണകളും സഹായങ്ങളും പിൻവലിച്ചേക്കുമെന്ന ഭീതിയും ഭരണകൂടത്തിനുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ലോകമെമ്ബാടുമുള്ള ജൂതര്‍ക്കും ഗുണകരമാകില്ലെന്നാണ് അവരുടെ വിലയിരുത്തല്‍.
ഇസ്രാലേല്‍ ഗസ്സയില്‍ നടത്തിയ കൂട്ടക്കുരുതിയുടെ നേര്‍ചിത്രങ്ങളാണ് ദക്ഷിണാഫ്രിക്ക ലോക കോടതിയില്‍ നല്‍കിയ 84 പേജുള്ള പരാതിയിലുള്ളത്. 1948 ലെ വംശഹത്യ കണ്‍വെൻഷൻ ഉടമ്ബടികള്‍ ഇസ്രായേല്‍ ലംഘിച്ചു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് കൂട്ടക്കുരുതിയാണ്. ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുകയാണ്. ഗസ്സയിലെ ഫലസ്തീനികളെ കൊന്നാടുക്കുകയെന്ന ലക്ഷ്യത്തോടെ വംശീയ ഉന്മൂലനമാണ് ഇസ്രായേല്‍ നടത്തുന്നത് തുടങ്ങിയ കാര്യങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ പരാതിയില്‍ പറയുന്നത്. ക്രൂരമായി പീഡനത്തിനിരയാകുന്ന ഫലസ്തീൻ ജനതയെ സംരക്ഷിക്കാനുള്ള താല്‍ക്കാലിക നടപടികള്‍ ഉടൻ സ്വീകരിക്കണമെന്നും ദക്ഷിണാഫ്രിക്ക പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
ദക്ഷിണാഫ്രിക്കയിലെ മുതിര്‍ന്ന നിയമജ്ഞര്‍ തയാറാക്കിയ പരാതിയില്‍ ഇസ്രായേല്‍ വംശഹത്യക്കെതിരായ ആഗോള ഉടമ്ബടി ഇസ്രായേല്‍ ലംഘിച്ചെന്ന് സമര്‍ത്ഥിക്കുന്ന നിരവധി തെളിവുകളും നിരത്തിയിട്ടുണ്ട്. കൂട്ടക്കുരുതി ആരംഭിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം, വെള്ളം, ഭക്ഷണം, വൈദ്യസഹായം തുടങ്ങിയവയുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതിന്റെ തെളിവാണെന്നാണ് ദക്ഷിണാഫ്രിക്ക സമര്‍ത്ഥിക്കുന്നത്. ഇസ്രായേലി ഭരണകൂടം നടത്തിയ വിദ്വേഷ പ്രസ്താവനകളെല്ലാം വംശഹത്യ ആരോപണങ്ങള്‍ ബലപ്പെടുത്താൻ ദക്ഷണാഫ്രിക്ക തെളിവായി അവതരിപ്പിച്ചിട്ടുണ്ട്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് സ്ഥാപിക്കപ്പെടുന്ന ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്നാണ് ദക്ഷിണാഫ്രിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്. യുദ്ധം തുടങ്ങി 100 ദിവസം പൂര്‍ത്തിയാകുമ്ബോള്‍ തന്നെ ഇടക്കാല ഉത്തരവിലുടെ വംശഹത്യ സ്ഥാപിക്കപ്പെട്ടാല്‍ ഇസ്രായേല്‍ എന്ന രാജ്യത്തിന് വലിയതിരിച്ചടിയാകും ഉണ്ടാക്കുക. ഇസ്രായേലിനൊപ്പം നില്‍ക്കുന്ന അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കും അത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്.
ദക്ഷിണാഫ്രിക്ക ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ഇസ്രായേല്‍ വാദിക്കുന്നത്. വംശഹത്യകേസ് തള്ളാൻ ലോകമെമ്ബാടുമുള്ള തങ്ങളുടെ എംബസികളോട് ആതിഥേയ രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താൻ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതെ സമയം തുര്‍ക്കി, ജോര്‍ദാൻ, മലേഷ്യ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ചിലി ഫയല്‍ചെയ്ത മറ്റൊരു കേസില്‍ വിവിധ ഇസ്രായേലി നേതാക്കള്‍ക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചതും തിരിച്ചടിയായിരിക്കുകയാണ്.