മേൽപറമ്പിൽ പൊതു ശൗചാലയം ഇല്ല: കേന്ദ്ര മന്ത്രിക്ക് ജില്ലാ ജനകീയ വികസന സമിതി പരാതി നൽകി

മേൽപറമ്പ: കാസർകോട് ജില്ലയിൽ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള മേൽപറമ്പ് ടൗണിൽ അടിയന്തിരമായി പൊതു ശൗചാലയം നിർമിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് മന്ത്രിക്ക് പരാതി നൽകി.
പ്രശസ്തമായ കീഴൂർ, പെരുമ്പള, പരവനടുക്കം എന്നീ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയിൽ ആയിരക്കണക്കിന് ഹിന്ദു വിശ്വാസികൾ ഇടത്താവളമായി ഉപയോഗിക്കുന്ന കേന്ദ്രമാണ് മേൽപറമ്പ് ടൗൺ. ഇതിന് പുറമെ സ്ത്രീകൾ, വയോധികർ, കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളും വ്യാപാരികളും യാത്രക്കാരും ദിനംപ്രതി എത്തുന്ന സജീവമായ ടൗണ്ഷിപ്പായിട്ടും ഇവിടെ ഒരു പൊതു ശൗചാലയം പോലും ഇല്ലെന്നത് ഗുരുതരമായ മനുഷ്യാവകാശ-പൊതു ആരോഗ്യ പ്രശ്നമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നിരവധി വർഷങ്ങളായി ജനങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി വിഷയത്തിന് യാതൊരു ഗൗരവവും കൽപ്പിച്ചില്ല. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കാസർകോട് ജില്ലാ കലക്ടർ തന്നെ പൊതു ശൗചാലയം നിർമിക്കാൻ നിർദേശം നൽകിയിരുന്നുവെങ്കിലും അത് പോലും പഞ്ചായത്ത് അവഗണിച്ചതായി പരാതിയിൽ പറയുന്നു.
ഇത് Swachh Bharat Mission (Gramin) പദ്ധതിയുടെയും ODF+/ODF++ മാർഗനിർദ്ദേശങ്ങളുടെയും തുറന്ന ലംഘനവും, ഭരണഘടനയിലെ ജീവിതാവകാശത്തെയും (Article 21) പൊതു ആരോഗ്യ ഉത്തരവാദിത്വത്തെയും (Article 47) ലംഘിക്കുന്ന ഭരണ അനാസ്ഥയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
മേൽപറമ്പ് ടൗണിൽ ഉടൻ പൊതു ശൗചാലയം നിർമിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും, ജില്ലാ കലക്ടർ മുഖേന റിപ്പോർട്ട് തേടുകയും പഞ്ചായത്ത് ഭരണസമിതിക്കെതിരെ യോഗ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
ജില്ലാ ജനകീയ വികസന സമിതി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട് ആണ് കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് മന്ത്രി ഗിരിരാജ് സിങ്ങിന് പരാതി നൽകിയത്.

