ഉമര്‍ ഖാലിദിൻ്റേയും ഷര്‍ജീല്‍ ഇമാമിൻ്റേയും അറസ്റ്റിന് ഉത്തരവാദി കോണ്‍ഗ്രസ്; രൂക്ഷ വിമര്‍ശനവുമായി ഒവൈസി

ന്യുഡല്‍ഹി: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രിം കോടതി ജാമ്യം നിഷേധിച്ചതോടെ കോണ്‍ഗ്രസിനെതിരെ എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി.
വിചാരണ കൂടാതെ ദീര്‍ഘകാലം തടവില്‍ വയ്ക്കാന്‍ അനുവദിക്കുന്ന നിയമപരമായ അടിത്തറ പാകിയത് കോണ്‍ഗ്രസാണെന്നാണ് ഒവൈസിയുടെ ആരോപണം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ യു.എ.പി.എ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഭീകരതയുടെ നിര്‍വചനം വിപുലമാക്കിയെന്നും വിചാരണത്തടവുകാരെ വര്‍ഷങ്ങളോളം ജയിലില്‍ അടയ്ക്കാന്‍ ഉപയോഗിക്കുന്ന വ്യവസ്ഥകള്‍ സൃഷ്ടിച്ചുവെന്നും ഒവൈസി കുറ്റപ്പെടുത്തി.
ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രിം കോടതി ജാമ്യം നിഷേധിക്കാന്‍ കാരണമായത് ഈ നിയമമാണെന്നും യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ തീവ്രവാദത്തെ പുനര്‍വ്യഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും ഒവൈസി പറഞ്ഞു.

