KSDLIVENEWS

Real news for everyone

ശബരിമല: ഇപ്പോഴത്തെ വിവാദം ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍- കാനം രാജേന്ദ്രന്‍

SHARE THIS ON

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2016-ൽ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റ് ആയിരിക്കെ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലമാണ് ഇപ്പോഴും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കോടതിയിൽ ഉളളതെന്ന് കാനം പറഞ്ഞുl

ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് ഇപ്പോൾ ശബരിമലയിൽ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ വലിയ പരാജയത്തിനു കാരണം ശബരിമല വിഷയം കൊണ്ടല്ലെന്നും കാനം കൂട്ടിച്ചേർത്തു.

‘സുപ്രീം കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്നതാണ് ശബരിമല വിഷയം. ഇപ്പോൾ ശബരിമലയിൽ ഇല്ലാത്ത പ്രശ്നത്തിന്റെ പേരിലാണ് പ്രതിപക്ഷം വാദങ്ങൾ ഉന്നയിക്കുന്നത്. ഞങ്ങൾ എന്തായാലും അതിന്റെ പിന്നാലെയൊന്നും പോകാൻ പോകുന്നില്ല. ഇഷ്ടമുള്ളിടത്തോളം അവർ പറഞ്ഞോട്ടെ’- കാനം പറഞ്ഞു.

2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയത്തെ കുറിച്ചുള്ള ചോദ്യത്തിന് ആ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉയർന്ന വിഷയം ഇന്ത്യയിൽ ഒരു മതേതര സർക്കാർ വേണമോ വേണ്ടയോ എന്നതായിരുന്നുവെന്ന് കാനം മറുപടി പറഞ്ഞു. ‘ഒരു മതനിരപേക്ഷ സർക്കാരുണ്ടാക്കാൻ എൽ.ഡി.എഫിനേക്കാൾ പ്രാപ്തമായിട്ടുള്ളത് കോൺഗ്രസിന് ആണെന്ന് സാധാരണ ജനങ്ങൾ തെറ്റിദ്ധരിച്ചു. ശബരിമല സമരമാണ് തിരഞ്ഞെടുപ്പിൽ സജീവ വിഷയമായത് എങ്കിൽ സമരം ചെയ്ത, ബി.ജെ.പിക്കാർ അല്ലേ ജയിക്കേണ്ടത്. അവർ ജയിച്ചില്ലല്ലോ

ശബരിമലയിൽ ഇപ്പോൾ ഒരു വിഷയവുമില്ല. രമേശ് ചെന്നിത്തല പറയട്ടെ, ശബരമലയിൽ ഇപ്പോൾ എന്താണ് പ്രശ്നമെന്ന്. അവിടെ പൂജ നടക്കുന്നില്ലേ, ആരാധന നടക്കുന്നില്ലേ, ആചാരങ്ങൾ അനുഷ്ഠിക്കുന്നില്ലേ. പിന്നെ എന്താണ് പ്രശ്നം’- കാനം ആരാഞ്ഞു.

ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലം, പിന്നീട് ദേവസ്വം ബോർഡിന്റെ ഭരണം മാറിയെങ്കിലും സത്യവാങ്മൂലം മാറിയിട്ടില്ല. പ്രയാർ ഗോപാലകൃഷ്ണനോ മറ്റോ ആണ് അന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. അദ്ദേഹം അന്ന് എന്ത് സത്യവാങ്മൂലം കൊടുത്തോ, അതേ സത്യവാങ്മൂലമാണ് ഇന്നും നിലനിൽക്കുന്നത് -അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുമെന്ന യു.ഡി.എഫ്. നിലപാടിനോട് അവർ അധികാരത്തിൽ വരുമെങ്കിൽ എന്ത് നിയമം വേണമെങ്കിലും കൊണ്ടുവരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. ‘സുപ്രീം കോടതിയുടെ വിധി മറികടക്കാൻ സംസ്ഥാന നിയമസഭ ഒരു നിയമം കൊണ്ടുവരും എന്നു പറഞ്ഞാൽ നമ്മുടെ നിയമനിർമാണ ചരിത്രത്തെ കുറിച്ച് സാമാന്യധാരണയുള്ളവർ ആരും വിശ്വസിക്കില്ല. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഈ ബദൽ നിയമം ഒന്നും കേരളത്തിലെ ജനങ്ങൾ ഗൗരവത്തോടെ എടുക്കില്ല. അവർ അധികാരത്തിൽ വന്നാലും ഇതൊന്നും നടക്കില്ലെന്ന കാര്യത്തിൽ, സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ഒരു നടപടി ഉണ്ടാകില്ലെന്ന കാര്യത്തിൽ സാമാന്യജനങ്ങൾക്ക് ബോധ്യമുണ്ട്.’

എൻ.എസ്.എസ്. എടുക്കുന്ന രാഷ്ട്രീയ നിലപാട് സമദൂരമാണെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എൽ.ഡി.എഫിന് അനുകൂലമാകണമെന്നോ യു.ഡി.എഫിന് അനുകൂലമാകണമെന്നോ നമ്മൾ ആഗ്രഹിക്കുന്നതിൽ വലിയ കാര്യം ഒന്നുമില്ല. അവർ സമദൂരത്തിൽ തന്നെ ഉറച്ചുനിന്നാൽ മതി. അതാണ് നല്ലത്- അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലിം ലീഗ് ആണെന്ന സി.പി.എം.വിമർശനത്തെ കുറിച്ചുളള ചോദ്യത്തോടും കാനം പ്രതികരിച്ചു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ലീഗിന്റെ നിലപാടുകളോട് പല കാര്യങ്ങളിലും യോജിപ്പില്ലാത്ത പല കക്ഷികളും കേരളത്തിലുണ്ട്. അതുകൊണ്ട് ലീഗിനെ എതിർക്കുക എന്നു പറയുമ്പോൾ, ഒരുപക്ഷെ ലീഗിന്റെ സംരക്ഷണത്തിന് വേണ്ടി മുസ്ലിമിനെ എതിർക്കുകയാണെന്ന് വരുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ആത്യന്തികഫലം ബി.ജെ.പിക്ക് അനുകൂലം ആയിരിക്കും. അതുകൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും അത് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കുമെന്നും കാനം രജേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!