KSDLIVENEWS

Real news for everyone

കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ്, ബാവിക്കര തടയണ യാഥാർഥ്യമാകുന്നു; സംഭരണ ശേഷി 4 മീറ്റർ

SHARE THIS ON

ബോവിക്കാനം ∙ ‌‌‌‌‌‌‌‌കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ബാവിക്കര തടയണ യാഥാർഥ്യമായി. പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറച്ച തടയണയുടെ ഷട്ടർ തുറക്കുന്നത് കാണാൻ ഒട്ടേറെ പേരാണ് ഇന്നലെ പദ്ധതി പ്രദേശത്ത് എത്തിയത്. 4 മീറ്ററാണ് സംഭരണ ശേഷി. 3.63 മീറ്റർ ഉയരത്തിൽ വെള്ളം നിറച്ചു. ഈ നിരപ്പിൽ തന്നെ പയസ്വിനിപ്പുഴയിലെ പാണ്ടിക്കണ്ടം തടയണയുടെ സമീപത്ത് 1.3 മീറ്റർ ഉയരത്തിൽ വെള്ളം നിറഞ്ഞിരുന്നു. കരിച്ചേരി പുഴയിലും ജലനിരപ്പ് ഉയർന്നു. ഇന്നലെ രാവിലെ 11.20നാണ് തടയണയുടെ 4 ഷട്ടറുകളും ഉയർത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ച് ദിവസങ്ങൾക്കുള്ളിൽ വീണ്ടും ജലം സംഭരിക്കും.

ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയ തടയണയുടെ അവസാനഘട്ട മിനുക്ക് പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. 27.75 കോടി രൂപ ചെലവിലാണു ബാവിക്കര ശുദ്ധജല പദ്ധതിയുടെ തടയണ മുനമ്പത്ത് നിർമാണം പൂർത്തിയാക്കിയത്. കാസർകോട് നഗരത്തിലേക്കും സമീപത്തെ 5 പഞ്ചായത്തുകളിലേക്കും ആവശ്യമായ ശുദ്ധജലം എടുക്കുന്നതിനൊപ്പം കാർഷികാവശ്യത്തിനും വേണ്ടിയാണു തടയണ നിർമിച്ചത്.

പയസ്വിനി, കരിച്ചേരി പുഴകൾ സംഗമിക്കുന്ന സ്ഥലത്തെ തടയണ രണ്ടു പുഴകളിലും ജലനിരപ്പ് ഉയരാൻ കാരണമാകും. 1992ൽ നിർമാണ നടപടികൾ തുടങ്ങിയ തടയണ പല കാരണങ്ങളാൽ അനന്തമായി നീളുകയായിരുന്നു. ഇതിനിടെ 2 കരാറുകാർ പണി ഏറ്റെടുത്തെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. ഒടുവിൽ 2018ലാണ് ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനി പണി ഏറ്റെടുത്തത്. കരാർ കാലാവധിക്കുള്ളിൽ അവർ പണി പൂർത്തിയാക്കി. ഈ മാസം തന്നെ ഉദ്ഘാടനം ഉണ്ടാകും. തീയതി രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!