കോവിഡ് ഒന്നാം തരംഗത്തിനിടെ രാജ്യത്ത് ജീവനൊടുക്കിയത് 8761 പേര്‍, കണക്കു പുറത്തുവിട്ട് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് ഒന്നാം തരംഗത്തിൽ പെട്ടെന്നുള്ള ലോക്ക്ഡൗണും കടബാധ്യതയും തൊഴിലില്ലായ്മയും തീർത്ത സാമ്പത്തിക പ്രതിസന്ധി കാരണം 2020ൽ രാജ്യത്ത് 8761 പേർ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് കോവിഡ് വേളയിലെ ആത്മഹത്യാ കണക്കുകൾ കേന്ദ്രം പുറത്തുവിടുന്നത്.
2018നും 2020നും ഇടയിലുള്ള മൂന്ന് വർഷ കാലയളവിൽ രാജ്യത്ത് 25,251 പേർ സാമ്പത്തിക പ്രതിസന്ധി കാരണം ജീവനെടുക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
2020ലെ കുടിയേറ്റ തൊഴിലാളികളുടെ മരണത്തിന് യാതൊരു രേഖയുമില്ലെന്നും അതേസമയം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു കോടിയോളം കുടിയേറ്റ തൊഴിലാളികൾ അവരുടെ ജോലി സ്ഥലങ്ങളിൽ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്നും പ്രതിപക്ഷ ചോദ്യങ്ങൾക്കുള്ള മറുപടിയായി മന്ത്രി അറിയിച്ചു.
ആത്മഹത്യ കണക്കുകൾ പുറത്തുവിട്ടതിനൊപ്പം ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ മറികടക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു. നാഷണൽ മെന്റൽ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കി വരുകയാണ്. ആത്മഹത്യാ പ്രതിരോധ സേവനങ്ങൾ, ജോലി സ്ഥലത്തെ സ്ട്രെസ് മാനേജ്മെന്റ്, ലൈഫ് സ്കിൽ ട്രെയിനിങ്, കോളേജുകളിലും സ്കൂളുകളിലും കൗൺസിലിങ് എന്നിവ ഇതിൽ ഉൾപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

