KSDLIVENEWS

Real news for everyone

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലത്തിന്‍റെ മനോഹര ദൃശ്യങ്ങള്‍ പങ്കുവെച്ച് റെയിൽവേ….

SHARE THIS ON

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിന്‍റെ മനോഹര ചിത്രങ്ങള്‍ റെയില്‍വേ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടു.ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണെന്ന് ഇതിന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ തോന്നും. അത്ര മനോഹരമാണ് കമാനാകൃതിയിലുള്ള പാലം കാണാന്‍.


ഇരുവശങ്ങളിലും പര്‍വ്വതങ്ങളും താഴെ മേഘങ്ങളുമൊക്കെയായി കണ്ണിന് കൌതുകമാണ് ചെനാബ് പാലം. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയിലാണ് ചെനാബ് റെയില്‍ പാലം സ്ഥിതി ചെയ്യുന്നത്. നദിയില്‍ നിന്ന് 1,315 മീറ്റര്‍ നീളവും 359 മീറ്റര്‍ ഉയരവുമുണ്ട് ഈ റെയില്‍വേ പാലത്തിന്. പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് ചെനാബ് പാലത്തിന്.


കനത്ത പാരിസ്ഥിതികാഘാതങ്ങളെ ചെറുക്കുവാന്‍ ശേഷിയുള്ള ചെനാബ് റെയില്‍വേ പാലം ഒരു എന്‍ജിനീയറിങ് അത്ഭുതമെന്നാണ് റെയില്‍വെ വിശേഷിപ്പിക്കുന്നത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെപ്പോലും ചെറുത്തുനില്‍ക്കാന്‍ ഈ പാലത്തിന് സാധിക്കും.


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്‍റെ ആര്‍ക്കിന്‍റെ നിര്‍മാണം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയായിരുന്നു. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലിങ്ക് പദ്ധതിയുടെ ഭാഗമായി 1,486 കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 2022 ഡിസംബറില്‍ ചെനാബ് പാലം റെയില്‍ ഗതാഗതത്തിനായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!