സഞ്ചാരം നിരോധിച്ച വാഹനങ്ങൾ ആറുവരി ദേശീയപാതയിൽ; അപകടങ്ങളും മരണങ്ങളും തുടർക്കഥ, അധികൃതർക്ക് അനക്കമില്ല

കുമ്പള : ദേശീയപാത 66 തലപ്പാടി-ചെങ്കള റീച്ച് പൂർത്തിയായി വാഹനങ്ങൾ മിന്നൽവേഗത്തിൽ പായുമ്പോഴും സഞ്ചാരം നിരോധിച്ച വാഹനങ്ങൾ പാതയിൽ നിരവധി. ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുകയും വാഹനയാത്രക്കാരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും ആർടിഒ, പോലീസ് അധികൃതർക്ക് ഒരു അനക്കവുമില്ല. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ദേശീയപാത കുമ്പള ആരിക്കാടിയിൽ ഇരുചക്രവാഹനയാത്രക്കാരൻ കാർ ഇടിച്ചതിനെ തുടർന്ന് മരിച്ചത്. ഇത്തരത്തിൽ ഒട്ടേറെപ്പേരുടെ വിലപ്പെട്ട ജീവൻ ദേശീയപാതയിലെ അപകടങ്ങളിൽ പൊലിഞ്ഞിട്ടുണ്ട്.
സൈക്കിൾ, മോട്ടോർ ബൈക്കുകൾ, സ്കൂട്ടർ, കാളവണ്ടി, ഉന്തുവണ്ടി, ട്രാക്ടർ, ഓട്ടോറിക്ഷ എന്നിവയുടെ സഞ്ചാരം ദേശീയപാതയിൽ നിരോധിച്ചിട്ടുണ്ട്. ദേശീയപാതയിൽ സഞ്ചരിക്കാൻ പാടില്ലാത്ത ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങൾ സഹിതം ദേശീയപാതയിലുടനീളം മുന്നറിയിപ്പുബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ക്യാമറകൾ സജ്ജം, പക്ഷേ പിഴയില്ല
ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നിയമലംഘനങ്ങൾ മുഴുവൻ ക്യാമറയിൽ പതിയുകയും അധികൃതർ അത് കാണുകയും ചെയ്യുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് പിഴചുമത്താത്തതാണ് പ്രധാന പ്രശ്നം. പിഴചുമത്തിയിരുന്നെങ്കിൽ ഇത്തരം അപകടങ്ങൾക്ക് ശമനം വന്നേനെ. പ്രവേശനത്തിനായുള്ള പോയിൻറുകളും ദേശീയപാതയിൽനിന്നു പുറത്തേക്ക് കടക്കുന്നതിനുള്ളയിടങ്ങളും ശരിയായരീതിയിൽ മാർക്ക് ചെയ്യുകയും ബോർഡ് വെക്കുകയും ചെയ്തിട്ടുമുണ്ട്. ഇത് ലംഘിക്കുന്നവരുമുണ്ട്.
അമിതവേഗത്തിൽ വാഹനങ്ങളും
ആറുവരിപ്പാത വാഹനഡ്രൈവർമാർക്ക് ആവേശമാണ്. അനുവദിച്ചതിലും കൂടുതൽ വേഗത്തിലാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. ദേശീയപാതയിൽ മണിക്കൂറിൽ 80-100 കിലോമീറ്റർ വരെ വേഗം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിലും കൂടുതൽ വേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിനിടയിൽ സർവീസ് റോഡുകളിൽനിന്ന് മറ്റു വാഹനങ്ങൾ അനധികൃതമായി ആറുവരിപ്പാതയിൽ കടക്കുമ്പോഴാണ് മിക്ക അപകടങ്ങളുമുണ്ടാകുന്നത്.
പിഴയില്ലെങ്കിൽ നിയമലംഘനമാകാമെന്ന ചിന്ത മാറണം
:വാഹനഡ്രൈവർമാർക്ക് ദേശീയപാതയിൽ സഞ്ചരിക്കുന്നതിനായി കൃത്യമായ ബോധവത്കരണം നൽകണം. പിഴയില്ലെങ്കിൽ നിയമലംഘനം നടത്താമെന്ന ആളുകളുടെ ചിന്താഗതി മാറണം.

