മഞ്ചേശ്വരം എം.എൽ.എയോട് മോശമായി പെരുമാറിയ സംഭവം; കലക്ടറോട് വിശദീകരണം തേടി ചീഫ് സെക്രട്ടറി

കാസർകോട്: കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ചർച്ചക്കെത്തിയ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫിനോട് കലക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ കലക്ടർ ഇമ്പശേഖറിനോട് ചീഫ് സെക്രട്ടറി അടിയന്തര വിശദീകരണം തേടി. വിഷയവുമായി ബന്ധപ്പെട്ട് എ.കെ.എം. അഷ്റഫും ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ്ങും സർക്കാറിന് നൽകിയ പരാതികളിലാണ് ജില്ല കലക്ടറോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയത്.
കുമ്പള ടോൾ പിരിവിനെതിരെ നടന്ന ജനകീയസമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ കലക്ടർ ഇടപെടുന്നില്ലെന്ന ആക്ഷേപം മഞ്ചേശ്വരം എം.എൽ.എയുടെ നേതൃത്വത്തിൽ സമരനേതാക്കൾ ഉന്നയിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായ കലക്ടർ എം.എൽ.എ അടക്കമുള്ളവരെ കലക്ടറുടെ ചേംബറിൽനിന്ന് പുറത്താക്കാനും അറസ്റ്റ് ചെയ്യാനും ഗൺമാനോട് നിർദേശിച്ചുവെന്നാണ് ആരോപണം. പ്രോട്ടോകോൾ പ്രകാരം കലക്ടർക്ക് മുകളിലാണ് നിയമസഭ അംഗം എന്ന മാനദണ്ഡം പോലും മനസ്സിലാക്കാതെ എം.എൽ.എയെ പുറത്താക്കാനും അറസ്റ്റ് ചെയ്യാനും നിർദേശിച്ചത് ചട്ടലംഘനമാണെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടിക്കാട്ടി.

