തിരുവനന്തപുരത്ത് ത്രികോണ മത്സരം; LDF, BJP സ്ഥാനാര്‍ഥികളെ നിസാരമായി കാണുന്നില്ല – തരൂര്‍

തിരുവനന്തപുരം: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനേയും ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെയും ഗൗരവത്തോടെയാണ് കാണുന്നതെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂര്‍. തിരുവനന്തപുരത്ത് ത്രികോണ മത്സരമാണെന്നും അദ്ദേഹം പറഞ്ഞു.
’15 കൊല്ലമായി ഞാന്‍ തിരുവനന്തപുരത്തെ ജനങ്ങളെ സേവിക്കുന്നു. അവര്‍ക്കെന്നെയും ഞാന്‍ ചെയ്ത കാര്യങ്ങളും അറിയാം. നാണക്കേടുണ്ടാക്കുന്ന ഒന്നും എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇല്ല. മണ്ഡലത്തില്‍ എന്റെ സാന്നിധ്യം സ്ഥിരമായി ഉണ്ട്. എല്ലാ പ്രധാന പ്രശ്‌നങ്ങളിലും ഞാന്‍ ഇടപെട്ടിട്ടുണ്ട്.’ -തരൂര്‍ പറഞ്ഞു.
‘തിരുവനന്തപുരത്ത് നടക്കുന്നത് ത്രികോണ മത്സരമാണ്. അങ്ങനെ പറയാന്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, തിരുവനന്തപുരം മണ്ഡലം എല്‍.ഡി.എഫില്‍ നിന്ന് ഞാന്‍ പിടിച്ചെടുത്തതാണ്. എനിക്ക് മുമ്പേ രണ്ട് തവണ അവരാണ് ഇവിടെ വിജയിച്ചത്. രണ്ട്, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തിയത് ബി.ജെ.പിയാണ്. അതിനാല്‍ രണ്ട് സ്ഥാനാര്‍ഥികളേയും ഞങ്ങള്‍ക്ക് ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഇവിടെ വീണ്ടും വിജയിക്കുമെന്ന് എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്.’ -ശശി തരൂര്‍ പറഞ്ഞു.