KSDLIVENEWS

Real news for everyone

ഇന്ത്യ കിരീടമേറ്റു വാങ്ങുമ്പോൾ ഗ്രൗണ്ടിൽ ആഹ്ലാദനൃത്തം; വൈറലായി സുനിൽ ഗാവസ്കറിന്റെ ഡാൻസ്/ വിഡിയോ

SHARE THIS ON

ദുബായ്: ഇന്ത്യൻ നായകൻ രോഹിത് ശർമ ചാംപ്യൻസ് ട്രോഫി ഏറ്റുവാങ്ങുമ്പോൾ, അതേ വേദിയിൽ അൽപം മാറി കൊച്ചുകുട്ടിയേപ്പോലെ ആഹ്ലാദനൃത്തം ചവിട്ടുന്ന ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കറിന്റെ ദൃശ്യങ്ങൾ വൈറൽ. ആവേശപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെ തകർത്ത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ കിരീടം ഏറ്റുവാങ്ങുമ്പോഴാണ്, കമന്റേറ്ററായി അവിടെയുണ്ടായിരുന്ന സുനിൽ ഗാവസ്കർ സർവവും മറന്ന് തുള്ളിച്ചാടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇന്ത്യൻ ടീം കിരീടമേറ്റുവാങ്ങുന്നതു കണ്ടതിന്റെ അത്യാഹ്ലാദത്തിലായിരുന്നു ഗാവസ്കറിന്റെ ആഹ്ലാദ നൃത്തം.

പ്രശസ്ത അവതാരകയായ മായന്തി ലാംഗർ, മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ എന്നിവർക്കൊപ്പം സ്പോർട്സ് ചാനലിനായി മത്സരം വിലയിരുത്തുന്നതിനിടെയാണ് ഗാവസ്കർ അപ്രതീക്ഷിതമായി ക്യാമറയ്ക്കു മുന്നിൽ ചുവടുവച്ചത്. ഇതുകണ്ട് മായന്തി ലാംഗർ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഗാവസ്കറിന്റെ നൃത്തം കാഴ്ചക്കാരിലേക്ക് എത്തുന്നതിനായി മായന്തി ക്യാമറയ്ക്കു മുന്നിൽനിന്ന് നീങ്ങുന്നുമുണ്ട്.

ഗാവസ്കറിന്റെ നൃത്തം കണ്ട് റോബിൻ ഉത്തപ്പ പുഞ്ചിരിയോടെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അദ്ദേഹം തന്റെ ക്യാമറയെടുത്ത് ഗാവസ്കറിന്റെ ആഹ്ലാദനൃത്തം പകർത്തുന്നുമുണ്ട്. 

‘‘ഇന്ന് ആർക്കാണ് സണ്ണി ജിയെ (സുനിൽ ഗാവസ്കറിനെ) തടയാനാകുക?’ – ചാനൽ സ്റ്റുഡിയോയിൽ അവതാരകനായ ജതിൻ സപ്രുവിന്റെ ചോദ്യം. മറുപടി നൽകിയത് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങാണ്.

‘‘ആരും അദ്ദേഹത്തെ തടയരുത്. കാരണം ഇത് അതുല്യമായ ഒരു നിമിഷമാണ്. അദ്ദേഹത്തിന്റെ നൃത്തം രസകരമായ ഒരു കാഴ്ചയായിരുന്നു. അദ്ദേഹം ക്രിക്കറ്റിലെ ഇതിഹാസവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയുമാണ്. അദ്ദേഹത്തെ കണ്ടാണ് പലരം ക്രിക്കറ്റിലേക്ക് വന്നതും ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടതും’ – ഹർഭജന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!