KSDLIVENEWS

Real news for everyone

പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയിൽ; പതിനായിരം പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോ: നഗരത്തിൽ ഗതാഗതനിയന്ത്രണം

SHARE THIS ON

കൊച്ചി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതുൾപ്പെടെയുള്ള പരിപാടികൾക്കായി ബുധനാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പതിനായിരം പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയോടെ സ്വാഗതമോതാൻ എൻഡിഎ. എൻഡിഎ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽനിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുക്കും. കേന്ദ്ര നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിൽ ബിഡിജെഎസ്, ട്വന്റി 20, നാഷനലിസ്റ്റ് കേരള കോൺഗ്രസ് തുടങ്ങി എൻഡിഎയിലെ പന്ത്രണ്ടോളം പാർട്ടികളുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും അണിനിരക്കും. തിരഞ്ഞെടുപ്പിലെ പാർട്ടി നിലപാടുകളും നീക്കങ്ങളുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.

രാവിലെ 11.30നു കൊച്ചി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാവികസേനയുടെ ഐഎൻഎസ് ഗരുഡ വിമാനത്താവളത്തിൽ ഇറങ്ങും. തുടർന്നു റോഡ് മാർഗം മറൈൻഡ്രൈവിലെത്തി അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയം കവാടത്തിൽനിന്നു റോഡ് ഷോ നടത്തിയാകും പ്രധാനമന്ത്രി പ്രത്യേകം തയാറാക്കിയ വേദിയിലേക്കെത്തുക. 12.30ന് ഇന്ത്യൻ റെയിൽവേയുടേതടക്കം കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഒരു മണിയോടെ സമീപത്തെ മറ്റൊരു വേദിയിൽ എൻഡിഎ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30നു കൊച്ചി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുച്ചിറപ്പള്ളിയിലേക്കു പോകും. റോഡ് ഷോയിൽ പങ്കെടുക്കുന്ന പ്രവർത്തകർക്കു സൗകര്യപ്രദമായി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി സ്റ്റേഡിയത്തിൽ പ്രത്യേകം പന്തൽ നിർമിക്കുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു.

കേരളത്തിനായുള്ള വികസനരേഖ ഉൾക്കൊള്ളുന്ന എൻഡിഎയുടെ പ്രകടനപത്രിക പ്രധാനമന്ത്രി ഔദ്യോഗികമായി പുറത്തിറക്കിയേക്കും. ‘മാറ്റം തുടങ്ങാം, വികസിത കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തിയാണ് എൻഡിഎ ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നു എൻഡിഎ വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ, പറഞ്ഞു.

ബുധനാഴ്ച കൊച്ചി നഗരത്തിൽ ഗതാഗതനിയന്ത്രണം 
കൊച്ചി ∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു ബുധനാഴ്ച നഗരത്തിൽ ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്കും 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ ഇന്നു രാത്രി 10 മുതൽ വിവിഐപി സന്ദർശനം കഴിയുന്നതു വരെ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്. രാവിലെ 11.00 മുതൽ ഇതിനായി വാഹനങ്ങൾ വഴിതിരിച്ചുവിടും. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം, കാക്കനാട്, ആലുവ ഭാഗത്തേക്കുള്ള ബസുകൾ ബിഒടി ഈസ്റ്റ് ജംക്‌ഷനിൽനിന്നു തിരിഞ്ഞു കുണ്ടന്നൂർ, എൻഎച്ച് 66, വൈറ്റില, ഇടപ്പള്ളി വഴി പോകണം. ആലുവ, കാക്കനാട് ഭാഗത്തുനിന്നു ഫോർട്ട്കൊച്ചി ഭാഗത്തേക്കുള്ളവ കുണ്ടന്നൂർ, ബിഒടി ഈസ്റ്റ്, തോപ്പുംപടി വഴി പോകണം.

ചെറുവാഹനങ്ങൾ ഫോർട്ട്കൊച്ചിയിൽ നിന്നു ബിഒടി ഈസ്റ്റ്, തേവര ഫെറി, മട്ടമ്മൽ, പനമ്പിള്ളിനഗർ സൗത്ത്, മനോരമ, കടവന്ത്ര, വൈറ്റില വഴിയും ബോൾഗാട്ടിയിൽനിന്നു ചാത്യാത്ത് ജംക്‌ഷൻ, പച്ചാളം, പച്ചാളം ഓവർബ്രിജ്, പൊറ്റക്കുഴി, മാമംഗലം, ഇടപ്പള്ളി വഴിയും ഹൈക്കോടതി ഭാഗത്തുനിന്നു ഫോർട്ട്കൊച്ചിയിലേക്കു ഹൈക്കോടതി ജംക്‌ഷൻ, മാധവ ഫാർമസി, ഡിസിസി ജംക്‌ഷൻ, ഇയ്യാട്ടിൽ ജംക്‌ഷൻ, ചിറ്റൂർ റോഡ്, വളഞ്ഞമ്പലം, മനോരമ, പനമ്പിള്ളിനഗർ വഴി പോകണം. 12.50 മുതൽ 1.30 വരെയുള്ള സമയത്ത് ആലുവ ഭാഗത്തുനിന്നു ഹൈക്കോടതിയിലേക്ക് ഇടപ്പള്ളി, മാമംഗലം, പൊറ്റക്കുഴി, പച്ചാളം ഓവർ ബ്രിജ്, ചാത്യാത്ത് വഴിയും ഫോർട്ട് കൊച്ചിയിലേക്ക് ഇടപ്പള്ളി, വൈറ്റില, കടവന്ത്ര, പനമ്പിള്ളിനഗർ, തേവര ഫെറി, ബിഒടി ഈസ്റ്റ് വഴിയും പോകണം.

പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തുന്നവർക്കുള്ള പാർക്കിങ് സൗകര്യം: തൃശൂർ, വൈപ്പിൻ, പറവൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: ബോൾഗാട്ടി വാട്ടർ മെട്രോ ജെട്ടി പരിസരം, ഗ്രാൻഡ് ഹയാത്തിന് എതിർവശം, ഷണ്മുഖം റോഡ് സിലിക്കൺ പാർക്കിങ്, വല്ലാർപാടം ബസിലിക്ക ഗ്രൗണ്ട്, എൽഎൻജി ടെർമിനൽ പരിസരം. തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, ഫോർട്ട്കൊച്ചി ഭാഗത്തു നിന്നുള്ളവ: ഡിഎച്ച് ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്ര പരിസരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!