KSDLIVENEWS

Real news for everyone

ഇറാന്റെ ആക്രമണം: യു.എ.ഇയിൽ മരണസംഖ്യ ആറായി:122 പേർക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം

SHARE THIS ON

അബൂദബി: യുഎഇ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇതുവരെ ആറുപേർ കൊല്ലപ്പെട്ടു. കൂടാതെ 122 പേർക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്. പരിക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. ഇന്ന് മാത്രം 9 ബാലിസ്റ്റിക് മിസൈലുകൾ എത്തിയതിൽ എട്ടെണ്ണവും സൈന്യം ആകാശത്തുവെച്ച് തകർത്തു. ഒരെണ്ണം കടലിൽ പതിച്ചു. കൂടാതെ, 35 ഡ്രോണുകൾ കണ്ടെത്തിയതിൽ 26 എണ്ണം തടയാൻ സാധിച്ചെങ്കിലും ഒൻപതെണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചു.

ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ ആകെ 262 ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇക്ക് നേരെ തൊടുത്തുവിട്ടത്. ഇതിൽ 241 എണ്ണം പ്രതിരോധ സംവിധാനം വിജയകരമായി നശിപ്പിച്ചു. 19 മിസൈലുകൾ കടലിലും രണ്ടെണ്ണം കരയിലും പതിച്ചു. ആകെ എത്തിയ 1,475 ഡ്രോണുകളിൽ 1,385 എണ്ണവും തകർത്തു. 90 ഡ്രോണുകൾ മാത്രമാണ് രാജ്യത്തിനുള്ളിൽ പതിച്ചത്. കൂടാതെ എട്ട് ക്രൂസ് മിസൈലുകൾ സൈന്യം പൂർണമായും തകർക്കുകയും ചെയ്തു.

ആക്രമണങ്ങളിൽ ഇതുവരെ 122 പേർക്കാണ് പരിക്കേറ്റത്. ഇതിൽ സ്വദേശികളും ഇന്ത്യക്കാരും ഉൾപ്പെടെ 25ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കൊമോറോസ്, തുർക്കി, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കുകൾ സാരമുള്ളതല്ലെങ്കിലും ജാഗ്രത തുടരുകയാണ്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൈന്യം പൂർണ സജ്ജമാണെന്നും ഏത് ഭീഷണിയെയും ശക്തമായി നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!