KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയില്‍ കോവിഡ് രൂക്ഷം; സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണിന് ആലോചന

SHARE THIS ON

മുംബൈ: കോവിഡ് 19 വ്യാപനം രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ ആലോചന. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഇതിനുള്ള ആലോചനകൾ നടന്നു. സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിന് അനുകൂല സമീപനമാണ് ഉദ്ധവ് താക്കറെ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഞായറാഴ്ച തീരുമാനം ഉണ്ടായേക്കും. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകളിൽ പകുതിയും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമ്പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണം. ഈ സാഹചര്യത്തിൽ രാത്രികാല കർഫ്യൂവും ആഴ്ചാവസാനം ലോക്ഡൗണും ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, അടുത്ത 15 ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ബിജെപി പ്രതിനിധികളും ഒരു വിഭാഗം ശിവസേന-കോൺഗ്രസ്-എൻസിപി പ്രതിനിധികളും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് അത്യാവശ്യമാണെന്നും ആവശ്യമെങ്കിൽ ഇളവുകൾ മാത്രം നൽകാമെന്നും ഉപമുഖ്യമന്ത്രി അശോക് ചവാൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി കോവിഡ് കർമസേനയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയായി കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 58,993 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 301 പേരുടെ മരണവും സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം 9327 കേസുകളാണ് ശനിയാഴ്ച ഉണ്ടായത്. കോവിഡ് ബാധിച്ച് 50 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!